പ്രേമം കൊണ്ടല്ല, കൂടെ നിന്നാല്‍ കാശ് കിട്ടുമെന്ന് സുധാകരനറിയാം മോന്‍സന്റെ ശബ്ദ സന്ദേശം പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സണിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സുധാകരന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

പണം കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് സുധാകരന്‍ കൂടെനില്‍ക്കുന്നതെന്ന് മോന്‍സണ്‍ പരാതിക്കാരനായ അനൂപിനോട് പറയുന്നതാണ് ശബ്ദസന്ദേശം. കെ മുരളീധരന്‍ എം പിയുടെ പേരും മോന്‍സണ്‍ സംഭാഷണത്തിനിടെ പറയുന്നുണ്ട്.

കെ സുധാകരനും മുരളീധരനും എംപിമാരാണ്, അവരെല്ലാം എന്റെ കാര്യത്തിനുവേണ്ടി പോകുകയും എനിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്നുണ്ട്. അവരൊക്കെ പൊട്ടന്മാരാണോ. ഇവരെല്ലാം എന്നെ കെട്ടിപ്പിടിച്ച് നില്ക്കുന്നത് എന്തിനാണെന്നാ ഓര്‍ത്തത്? എന്നോടുള്ള പ്രേമം കൊണ്ടാണോ? അവര്ക്കറിയാം.. കാശ് കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് അവരൊക്കെ നില്‍ക്കുന്നതെന്ന് മോന്‍സണ് അനൂപുമായുള്ള സംഭാഷണത്തില് പറയുന്നു.

മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കെ സുധാകരന്റെ പങ്കും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കൊച്ചി കലൂരിലെ മോന്‍സണ്‍ന്റെ വീട്ടില്‍വെച്ച് സുധാകരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തിയിരുന്നു. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാന്‍ ഇടപെടാമെന്ന് തങ്ങളുടെ സാന്നിധ്യത്തില്‍ സുധാകരന്‍ ഉറപ്പുനല്കിയെന്നും ഇവര്‍ പറഞ്ഞു.

സുധാകരന്‍ പത്തുദിവസം മോന്‍സന്റെ വീട്ടില്‍ താമസിച്ചെന്നും, ഡല്‍ഹിയിലെ തടസങ്ങള്‍ സുധാകരന്‍ ഒഴിവാക്കിയെന്ന് മോന്‍സന്‍ പറഞ്ഞെന്നും പരാതിക്കാര്‍ പറയുന്നു. 25 ലക്ഷം രൂപ കൈമാറിയത് 2018 നവംബറില്‍ സുധാകരന്റെ സാന്നിധ്യത്തിലെന്നും പരാതിക്കാര്‍ ആരോപിച്ചു. ഫെമ പ്രകാരം തടഞ്ഞുവച്ച പണം കിട്ടാനാണ് ഇടപെട്ടതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഇടപാടില്‍ സുധാകരന് പങ്കുണ്ടെന്നാണ് മോന്‍സണ്‍ന്റെ മുന്‍ഡ്രൈവറും നല്‍കിയ സൂചന.

തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. അഞ്ചോ ആറോ തവണ വീട്ടില്‍പോയിട്ടുണ്ട്. ഡോക്ടറെന്ന നിലയ്ക്ക് ചികില്‍സയ്ക്കാണ് പോയത്. അദ്ദേഹത്തിന്റെ വീട്ടില്‍ കോടികള്‍ വിലമതിക്കുന്ന പുരാതന വസ്തുക്കള്‍ ഉണ്ട്. അന്ന് മോന്‍സനെ കുറിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ല. മറ്റ് ഒരു കാര്യത്തിലും പങ്കില്ല. പണമിടപാടിനെക്കുറിച്ച് ഒരു ചര്‍ച്ചയും തന്റെ സാന്നിധ്യത്തില്‍ നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Top