മോന്‍സന്‍ ‘സകലകലാവല്ലഭന്‍’ വെട്ടില്‍ വീഴാത്തത് സി.പി.എം നേതാക്കള്‍ മാത്രം !

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കളും. സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ‘കീ ‘ പോസ്റ്റില്‍ വന്ന പ്രമുഖ നേതാവ്, കര്‍ണ്ണാടകയിലെ മലയാളിയായ കോണ്‍ഗ്രസ്സ് നേതാവ്, കൊച്ചി സിറ്റി മുന്‍ പൊലീസ് കമ്മീഷണര്‍, മലയാളിയല്ലാത്ത ഒരു ഐ.ജി, എന്നിവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പട്ടികയിലുണ്ട്. ഇവരെല്ലാം പലവട്ടം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ വന്നു പോയിട്ടുമുണ്ട്.

അതേസമയം ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകളില്‍ കാണുന്ന നടന്‍ മോഹന്‍ലാല്‍, മുന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ ഇദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം കാണാന്‍ ആദ്യമായിപോയി വെട്ടിലായിപ്പോയവരാണ്. കൊച്ചിയില്‍ സൈബര്‍ ഡോമിന്റെ പരിപാടിക്കെത്തിയ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ, ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് പുരാവസ്തു ശേഖരം കാണാന്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയിരുന്നത്. ഇക്കാര്യം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊച്ചിയിലെ പൊലീസ് ഉദ്യാഗസ്ഥരും ഇപ്പോള്‍ തുറന്നു പറയുന്നുണ്ട്. മോന്‍സനെതിരായ പരാതിയില്‍, കര്‍ശന നടപടിക്ക് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതും എ.ഡി.ജി.പി മനോജ് എബ്രഹാം തന്നെയാണ്.

ഉന്നതരെ തന്റെ പുരാവസ്തു ശേഖരം കാണിക്കാന്‍ ക്ഷണിച്ച്, അവരോടൊപ്പം ഫോട്ടോ എടുത്ത്, ആ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുകയാണ് മോന്‍സന്‍ ചെയ്തിരുന്നത്. അങ്ങനെയാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പെട്ടുപോയിരിക്കുന്നത്. പി.രാജീവ് ഉള്‍പ്പെടെ ഉള്ള പ്രമുഖ സി.പി.എം നേതാക്കളെ കൊണ്ടുവരാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും, ഒരു സി.പി.എം നേതാവ് പോലും ക്ഷണം സ്വീകരിച്ചിരുന്നില്ല.

2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന് വ്യാജ രേഖ കാണിച്ച് നടത്തിയ തട്ടിപ്പ് സംഭവത്തിലാണ്, മോന്‍സന്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍ പരാതികള്‍ ഇനിയും വരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുന്നത്. അഞ്ചു പേരില്‍ നിന്ന് 10 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തിരിക്കുന്നത്. ഇതിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത.

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നല്‍കിയാല്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് താന്‍ പലിശരഹിത വായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ശനിയാഴ്ച ചേര്‍ത്തലയില്‍ നിന്നാണ് മോന്‍സന്‍ മാവുങ്കലിനെ കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് എസ്.പി സോജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നത്.

അഞ്ചുപേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊച്ചിയിലെ തന്റെ പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും, അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. ഇതില്‍ പലതിലും തട്ടിപ്പുണ്ടെന്നാണ്, ഇയാള്‍ക്കെതിരായ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു, മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍, ചേര്‍ത്തലയിലെ ഒരു ആശാരിയാണ് ഇവ നിര്‍മിച്ചതെന്ന് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്നും മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. ഇതും കള്ളമാണെന്ന് വ്യക്തമായി കഴിഞ്ഞു.

എന്നാല്‍ ഒറിജിനലല്ല, ഇവയുടെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ്, മോന്‍സന്‍ അന്വേഷണ സംഘത്തോട് വാദിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതി ഉറച്ചു നില്‍ക്കുകയുമാണ്. വരും ദിവസങ്ങളില്‍, കേസില്‍ നിര്‍ണ്ണായക വഴിതിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

Top