”ഉപ്പ് തിന്നവർ എല്ലാം വെള്ളം കുടിക്കട്ടെ” എന്ന നിലപാടിൽ പൊലീസ് സംഘടനകൾ . . .

മുന്‍ പൊലീസ് മേധാവി ലോകനാഥ് ബഹ്‌റ ഐ.ജി ലക്ഷ്മണ മുന്‍ ഡി.ഐ.ജി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പൊലീസ് സേനയില്‍ പ്രതിഷേധം ശക്തമാകുന്നു. സേനയെ നാണം കെടുത്തിയ തട്ടിപ്പു കേസില്‍ ഈ ഉദ്യോഗസ്ഥരുടെ പങ്കാണ് സേനയിലെ ഉന്നതരെ ഉള്‍പ്പെടെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാമിനെ നിര്‍ബന്ധിച്ച് ബഹ്‌റ കൊണ്ട് പോയതിലും ഉദ്യോഗസ്ഥര്‍ കടുത്ത അമര്‍ഷത്തിലാണ്.

ലോകനാഥ് ബഹ്‌റ ഡി.ജി.പി കസേരയില്‍ അല്ലായിരുന്നു എങ്കില്‍ എപ്പോഴേ മോണ്‍സന്‍ മാവുങ്കല്‍ അകത്താകുമായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ഡി.ഐ.ജി സുരേന്ദ്രനും ഐ.ജി ലക്ഷ്മണനും മോന്‍സനെ പല ഘട്ടങ്ങളിലും സഹായിച്ചതായ വിവരവും ഇപ്പോള്‍ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. കൊച്ചി കമ്മീഷണര്‍ തൃശൂര്‍ റേയ്ഞ്ച് ഡി.ഐ.ജി തസ്തികയില്‍ ജോലി ചെയ്തപ്പോള്‍ നിരവധി അനധികൃത ഇടപാടുകളില്‍ സുരേന്ദ്രന്‍ ഇടപെട്ടതായാണ് പൊലീസുകാര്‍ തന്നെ ആരോപിക്കുന്നത്.

വരും ദിവസങ്ങളില്‍ ഇതു സംബന്ധമായ വിശദാംശങ്ങളും പുറത്ത് വരാനാണ് സാധ്യത. സുരേന്ദ്രന്റെ ഭാര്യയും മോണ്‍സന്‍ മാവുങ്കലിന്റ വീട്ടിലെ നിത്യ സന്ദര്‍ശകയാണ്. സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം നല്‍കിയതായ പരാതിയില്‍ വിശദമായ അന്വേഷണവും ക്രൈംബ്രാഞ്ച് തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഐ.ജി ലക്ഷ്മണ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ തന്നെയാണുള്ളത്. ഈ സംഭവത്തില്‍ ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത് എ.ഡി.ജി.പി മനോജ് എബ്രഹാമാണ്.

ഇപ്പോള്‍ മോണ്‍സന്‍ കുരുങ്ങാന്‍ ഇടയായതും മനോജ് എബ്രഹാമിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. മനോജ് എബ്രഹാമിന് തോന്നിയ സംശയമാണ് മുന്‍പ് ഇന്റലിജന്‍സ് അന്വേഷണത്തിലും കലാശിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളും അട്ടിമറിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നിലും ബഹ്‌റയായിരുന്നു എന്നാണ് ആരോപണം.

ഗുരുതരമായ തട്ടിപ്പ് സംഭവത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ട് മെയില്‍ അയച്ചത് ഡി.ജി.പിയാണ്. ഇത് പ്രഹസനമായ നടപടിയായാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ഇന്ന് ക്രൈംബ്രാഞ്ച് സ്വീകരിച്ച നടപടി അന്ന് പൊലീസ് സ്വീകരിച്ചിരുന്നു എങ്കില്‍ പൊലിസ് സേനക്ക് ഇത്രയും അപമാനം നേരിടേണ്ടി വരുമായിരുന്നില്ല.

അന്ന് പരാതിക്കാര്‍ ഉണ്ടായിരുന്നില്ല എന്ന ബഹറയുടെ വാദമെന്നും ഇക്കാര്യത്തില്‍ വിലപ്പോവുകയില്ല. തട്ടിപ്പ് സാധനങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കിയത് തന്നെ ബഹ്‌റ ഇടപെട്ടാണ്. ഇതു സംബന്ധമായ ഉത്തരവിന്റെ കോപ്പിയും പുറത്ത് വന്നു കഴിഞ്ഞിട്ടുണ്ട്.

പൊലീസില്‍ തല ഇരിക്കുമ്പോള്‍ ‘വാല്‍’ ആടാറില്ല അതു തന്നെയാണ് ബഹറ ഡി.ജി.പി ആയി ഇരുന്നപ്പോള്‍ മോണ്‍സന് കിട്ടിയ സംരക്ഷണവും. ബഹ്‌റയുടെ ഈ ‘കരുതല്‍’ കൂടി അന്വേഷിക്കപ്പെടേണ്ടതാണ് എന്നതാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരിക്കുന്നത്. ബഹ്‌റ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തതോടെയാണ് മോണ്‍സന്റെ കഷ്ടകാലവും തുടങ്ങിയിരിക്കുന്നത്. അതാണ് ഒടുവില്‍ അറസ്റ്റിലും കലാശിച്ചിരിക്കുന്നത്.

സര്‍വ്വീസിലുള്ള ആരോപണ വിധേയരായ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കേണ്ടതില്ലന്നതാണ് പൊലീസ് സംഘടനകളുടെ പൊതു നിലപാട്. ഐ.പി.എസ് അസോസിയേഷനും കടുത്ത രോഷത്തിലാണുള്ളത്. കേരള പൊലീസിന് മുന്‍പേ പിടിക്കാമായിരുന്ന പ്രതിയെ ചില ഉദ്യോഗസ്ഥര്‍ സഹായിച്ചതാണ് ഐ.പി.എസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഡി.ജി.പി ലോകനാഥ് ബഹ്‌റ നിര്‍ബന്ധിച്ച് വിളിച്ചു കൊണ്ടു പോയ മനോജ് എബ്രഹാമിനെ ഒരു ഫോട്ടോയുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ കടുത്ത രോക്ഷത്തിലാണ്. മറ്റ് പൊലീസ് സംഘടനകളും സമാന നിലപാടില്‍ തന്നെയാണുള്ളത്. അതേ സമയം വൈകിയാണെങ്കിലും യാഥാര്‍ത്ഥ്യം വ്യക്തമായതോടെ ചില മാധ്യമങ്ങളെങ്കിലും ഇക്കാര്യത്തില്‍ തെറ്റ് തിരുത്താന്‍ നിലവില്‍ തയ്യാറായിട്ടുണ്ട്.

STAFF REPORTER

 

Top