കോണ്‍ഗ്രസ്സില്‍ പുതിയ നീക്കങ്ങള്‍, സുധാകരനെ കുരുക്കുവാന്‍ ‘മോന്‍സന്‍’

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസ്, പൊലീസിനെ മാത്രമല്ല, കോണ്‍ഗ്രസ്സിനെയും പിടിച്ചുലയ്ക്കുന്നു. കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരനെതിരെ, അദ്ദേഹത്തിന്റെ എതിര്‍വിഭാഗമാണ് തട്ടിപ്പ് കേസ് ആയുധമാക്കുന്നത്. സി.ബി.ഐ അന്വേഷണമാണ് ബെന്നി ബെഹനാനും, വി.എം സുധീരനും ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരന് ജാഗ്രത കുറവുണ്ടായെന്ന വിലയിരുത്തലിലാണ് ഗ്രൂപ്പ് നേതാക്കള്‍. തട്ടിപ്പുകാരനൊപ്പം സുധാകരനും കൂട്ട് ചേര്‍ന്നു എന്ന പ്രചരണമാണ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ നടക്കുന്നത്. ഹൈക്കമാന്റിലും പരാതി പ്രളയമാണ്. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ആശീര്‍വാദത്തോടെയാണ് ഈ നീക്കങ്ങള്‍ എന്നാണ് സൂചന. എങ്ങനെയെങ്കിലും സുധാകരനെ തെറിപ്പിക്കുക എന്നതാണ് ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നത്. സുധാകരന്‍ തെറിച്ചാല്‍ വി.ഡി സതീശന്റെ നിലയും പരുങ്ങലിലാകും.

പുതിയ നേതൃത്വത്തെ പുകച്ച് പുറത്തു ചാടിക്കാനുള്ള ഈ തന്ത്രത്തിനെതിരെ സതീശനും ശക്തമായാണ് രംഗത്ത് വന്നിരിക്കുന്നത്. ഒരു ഫോട്ടോയുടെ മറവില്‍ സുധാകരനെ വേട്ടയാടുന്നത് ശരിയല്ലെന്ന നിലപാടിലാണ് സതീശന്‍. ഇക്കാര്യം പരസ്യമായി തന്നെയാണ് സതീശന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സി.ബി.ഐ അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ സുധാകരന്‍ വെട്ടിലാകും എന്നാണ് സുധാകരന്‍ അനുകൂലികളും കരുതുന്നത്. അതുകൊണ്ട്തന്നെ, വിവാദങ്ങളെ കരുതലോടെയാണ് ഈ വിഭാഗവും വീക്ഷിക്കുന്നത്. മോന്‍സന്റെ തട്ടിപ്പില്‍ സുധാകരന് പങ്കുണ്ടെന്ന തരത്തില്‍ പരാതിക്കാര്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് സുധാകരനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇതോടെ, പരാതിക്കാര്‍ തട്ടിപ്പുകാരാണെന്ന പ്രചരണത്തിനും ശക്തി കൂടിയിട്ടുണ്ട്. മോന്‍സന്റെ ‘വലയില്‍’ പെട്ടുപോയ നടന്‍ ശ്രീനിവാസനാണ് പരാതിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നിരിക്കുന്നത്. സുധാകരന്‍ അവകാശപ്പെട്ടതു പോലെ, ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും, ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികിത്സ ഏര്‍പ്പാടാക്കിയെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

താനറിയാതെ ആശുപത്രിയിലെ പണവും മോന്‍സന്‍ നല്‍കിയതായാണ് ശ്രീനിവാസന്‍ അവകാശപ്പെടുന്നത്. തട്ടിപ്പുകാരനെന്ന് അറിഞ്ഞിരുന്നില്ല എന്നും, പിന്നീടൊരിക്കലും കണ്ടിട്ടുമില്ലെന്നുമാണ് ശ്രീനിവാസന്‍ വാദിക്കുന്നത്. മോന്‍സനെതിരെ പരാതി നല്‍കിയവരില്‍ രണ്ടു പേര്‍ തട്ടിപ്പുകാരാണെന്ന, ഗുരുതര ആരോപണവും ശ്രീനിവാസന്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവരെ തനിക്ക് നേരിട്ടറിയാമെന്നും, സ്വന്തം അമ്മാവനില്‍ നിന്നു കോടികള്‍ തട്ടിയെടുത്തയാളാണ് ഇവരില്‍ ഒരാളെന്നും ശ്രീനിവാസന്‍ പറയുന്നു. പണത്തിനോട് ആത്യാര്‍ത്തിയുള്ളവരാണ് മോന്‍സന് പണം നല്‍കിയിരിക്കുന്നത്. സിനിമയെടുക്കുന്നതിനായി, തന്റെ സുഹൃത്തിന് പലിശയില്ലാതെ അഞ്ച് കോടി രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നതായും, ഇതോടൊപ്പം ശ്രീനിവാസന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം മുറുകിയ സാഹചര്യത്തില്‍ നടത്തിയ ശ്രീനിവാസന്റെ ഈ പ്രതികരണത്തെ, അന്വേഷണ സംഘം ഗൗരവമായാണ് നോക്കി കാണുന്നത്. പരാതിക്കാര്‍ തട്ടിപ്പുകാരാണെന്ന് ആരോപിക്കുക വഴി, കേസന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രീനിവാസന്‍ ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ശ്രീനിവാസന്റെ ചികിത്സക്ക് അദ്ദേഹം അറിയാതെ മോന്‍സന്‍ പണം അടച്ചെന്ന വാദവും, ക്രൈംബ്രാഞ്ച് മുഖവിലക്കെടുത്തിട്ടില്ല. തട്ടിപ്പ് പണമാണ് ആശുപത്രിയില്‍ അടച്ചതെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍, ഇതു സംബന്ധമായി ആശുപത്രി അധികൃതരുടെയും ശ്രീനിവാസന്റെയും മൊഴി, ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ ഇടപാടുകാരെ വഞ്ചിക്കാന്‍ നിര്‍മിച്ചത്, 2,62,000 കോടി രൂപയുടെ വ്യാജരേഖയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തട്ടിപ്പു കേസ് മാത്രമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി, ആരും തന്നെ ഇതുവരെ പരാതിപെട്ടിട്ടില്ല, ഇത് അന്വേഷണ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ്, പ്രധാനമായും അന്വേഷണം നടക്കുന്നത്. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം, മോന്‍സന് ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇവരും കേസില്‍ പ്രതികളാകും. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഡി.ജി.പി ലോകനാഥ് ബഹ്‌റയെ പ്രവാസി വ്യവസായി അനിത വഴിയാണ് മോന്‍സ് പരിചയപ്പെട്ടതെന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. ഡി.ജി.പിയാണ് പുരാവസ്തു ശേഖരം കാണാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ കൊണ്ടു വന്നതെന്നും, തനിക്ക് മനോജ് എബ്രഹാമിനെ പരിചയമില്ലെന്നും, മോന്‍സ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ബഹ്‌റയുടെ സുഹൃത്ത് അനിതയുടെ മൊഴി എടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിനെതിരെ എഫ്‌ഐആറില്‍, മൂന്ന് വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

EXPRESS KERALA VIEW

Top