തലസ്ഥാനത്തും മോന്‍സന്‍ മ്യൂസിയം ! ചാനല്‍ സ്വന്തമാക്കാന്‍ കൈമാറിയത് പത്തു ലക്ഷം

തിരുവനന്തപുരം: പുരാവസ്തു മ്യൂസിയം തിരുവനന്തപുരത്തും തുടങ്ങാന്‍ ആലോചിച്ചിരുന്നെന്ന് മോന്‍സന്‍ മാവുങ്കല്‍. ടി.വി സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്ന് ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കി. ചാനലിനായി പത്തു ലക്ഷം രൂപ കൈമാറിയെന്നും മോന്‍സന്‍ നിയമപ്രകാരം ചാനലിന്റെ ചെയര്‍മാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.

നേരത്തെ, പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി പുറത്തുവന്നിരുന്നു. ഒന്നരലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ആലപ്പുഴ തുറവൂര്‍ സ്വദേശി ബിജു കോട്ടപ്പള്ളിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

2017 ഡിസംബര്‍ 29 ന് തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് മോന്‍സണ്‍ ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു. സഹോദരന്‍ വഴിയാണ് തന്നെ ഇയാള്‍ ബന്ധപ്പെട്ടത്. സ്വര്‍ണം പണയംവച്ചെങ്കിലും പണം തരണമെന്നും 20 ദിവസത്തിനകം തിരിച്ചു തരുമെന്നും മോന്‍സണ്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വച്ച് 2018 ജനുവരിയില്‍ പണം നല്‍കി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷവും പണം തിരികെ തന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

പണം ചോദിച്ചപ്പോള്‍ മോന്‍സണ്‍ തനിക്ക് ഒരു വണ്ടി കൈമാറി ഇത് പൊളിക്കാന്‍ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസിലായതെന്നും ബിജു ആരോപിച്ചു. പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണമെന്നും പൊലീസ് നടപടി സ്വീകരിക്കണം എന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

Top