പുരാവസ്തു തട്ടിപ്പ്; കെ. സുധാകരൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല: മുൻ ഡിഐജിയെ ചോദ്യം ചെയ്തു

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിനെത്തുന്നതിന് കൂടുതൽ സമയം തേടിയ സുധാകരൻ, ചൊവ്വാഴ്ച ഹാജരാകാമെന്നാണ് എൻഫോഴ്സ്മെന്റിനെ അറിയിച്ചത്. ഇക്കാര്യത്തിൽ ഇഡി തീരുമാനം പിന്നീട് അറിയിക്കും.

അതേ സമയം, മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ഇ ഡി ചോദ്യം ചെയ്തു. ഉച്ചയോടെയാണ് എസ്. സുരേന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായത്. മോൻസൻ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസിന്മേലാണ് നടപടി. മോൻസന്റെ അക്കൗണ്ടിൽ നിന്ന് മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പല തവണയായി പണം എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നാണ് ഡിഐജി മൊഴി നൽകിയത്.

പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഐ. ജി ലക്ഷ്മണിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയത്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യആസൂത്രകനാണ് ഐജി ലക്ഷ്മണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടനിലക്കാരുടെ സംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ഐജി ഹൈക്കോടതയിൽ ഉന്നയിച്ചതിന് പിറകെയാണ് ക്രൈംബ്രാ‌ഞ്ചും നിലപാട് കടുപ്പിച്ചത്.

പുരാവസ്തു തട്ടിപ്പിൽ ഉന്നത് പോലീസുകാർക്ക് പങ്കില്ലെന്ന തുടക്കത്തിൽ ആവർത്തിച്ച അന്വേഷ സംഘമാണ് തട്ടിപ്പിന്റെ ആസൂത്രകരിൽ ഒരാൾ ഐജി ലക്ഷ്മണാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഐജിയുടെ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിലാണ് ക്രൈം ബ്രാഞ്ച് ഗുരുതര ആരോപണങ്ങളുന്നയിക്കുന്നത്. ഐജി ഗോകുലത്ത് ലക്ഷ്മൺ പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും പങ്കാളിയുമാണെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഗൂഢാലോചന കുറ്റംകൂടി ചുമത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. തെളിവുകൾ ശേഖരിക്കാൻ ഉദ്യോഗസ്ഥന് നോട്ടീസ് നൽകിയെങ്കിലും ആരോഗ്യ പ്രശ്നം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇതിനായി ഐജി ഹാജരാക്കിയ രണ്ട് ആയുർവേദ ചികിത്സാ രേഖകളിലും ക്രൈം ബ്രാ‌ഞ്ച് സംശയം പ്രകടിപ്പിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ നിരവധി മികച്ച ആയുർവേദ ആശുപത്രി ഉണ്ടെന്നിരിക്കെ മാറനെല്ലൂരിലെ ആയുർവേദ ഡിസ്പൻസറിയിലാണ് ഐജി ആദ്യം ചികിത്സ തേടിയത്. ഇത് സംശയാസ്പദമാണ്.

രണ്ടാമത് ചികിത്സ തേടിയത് തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിലാണ്. ഇവിടെ നടത്തിയ ചികിത്സയിലും ആദ്യച്ചെ ചികിത്സയിലും പൊരുത്തക്കേടുണ്ട്. ഐജി പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ സംഘടിപ്പിച്ചാണ് ചോദ്യം ചെയ്യലിൽ നിന്ന് ഐജി ലക്ഷണ ഒഴിഞ്ഞു മാറുന്നതെന്നും ക്രൈം ബ്രാ‌ഞ്ച് പറയുന്നു.

Top