മോന്‍സന്‍ തട്ടിപ്പ്‌ക്കേസ്; മുന്‍ ഐജി ലക്ഷ്മണനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും പ്രതിചേര്‍ത്തു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ മുന്‍ ഐജി ലക്ഷ്മണനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും പ്രതിചേര്‍ത്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ പ്രതിചേര്‍ത്തത് ഇന്നലെയായിരുന്നു. മോന്‍സന് മാവുങ്കലിന് കൈമാറിയ 25 ലക്ഷത്തില്‍ പത്തുലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്ന പരാതിയിലായിരുന്നു നടപടി. സുധാകരനെ മറ്റന്നാള്‍ കൊച്ചിയില്‍ ചോദ്യം ചെയ്യും. അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

കേസിലെ പരാതിക്കാരനായ അനൂപിന്റെ മൊഴിയാണ് സുധാകരന് തിരിച്ചടിയായത്. 2018 ല്‍ കലൂരിലെ വാടക വീട്ടില്‍ വെച്ച് മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്റെ മൊഴി. ഈ സമയത്ത് കെ സുധാകരനും ഈ വീട്ടിലുണ്ടായിരുന്നു. താന്‍ നല്‍കിയ 25 ലക്ഷത്തില്‍ 10 ലക്ഷം കെ സുധാകരന്‍ കൈപ്പറ്റി. പാര്‍ലമെന്റ് ഫിനാന്‍സ് കമ്മിറ്റിയെക്കൊണ്ട് മോന്‍സന്‍ മാവുങ്കലിന്റെ വിദേശത്തു നിന്നെത്തിയ പണം വിടുവിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നല്‍കിയതെന്നാണ് മൊഴി.

മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ വഞ്ചാനാക്കേസ് ചുമത്തിയത്. ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ ശതകോടികള്‍ കിട്ടിയെന്നും അത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വെച്ചെന്നുമുളള മോന്‍സന്റെ വാദം തട്ടിപ്പായിരുന്നെന്ന് തെളിഞ്ഞിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സുധാകരന്‍ ഇക്കാര്യം നിഷേധിച്ചു. ആയുര്‍വേദ ചികിത്സയുടെ ഭാഗമായിട്ടാണ് മോന്‍സന്റെ വീട്ടില്‍ പോയി താമസിച്ചതെന്നും തട്ടിപ്പുകാരനെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top