മന്ത്രിസ്ഥാനത്തിന് ചേര്‍ന്ന പദപ്രയോഗം അല്ല സജി ചെറിയാന്‍ നടത്തിയതെന്ന വിമര്‍ശനവുമായി മോന്‍സ് ജോസഫ്

കോട്ടയം: മന്ത്രിസ്ഥാനത്തിന് ചേര്‍ന്ന പദപ്രയോഗം അല്ല സജി ചെറിയാന്‍ നടത്തിയതെന്ന വിമര്‍ശനവുമായി മോന്‍സ് ജോസഫ് രംഗത്ത്. ക്രൈസ്തവ സഭയുടെ മതമേലധ്യക്ഷന്മാര്‍ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും മോന്‍സ് ജോസഫ് പ്രതികരിച്ചു.

സജി ചെറിയാന്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രം മുഖപ്രസംഗവുമായി രംഗത്ത് വന്നിരുന്നു. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കി. മന്ത്രി സജി ചെറിയാനും കെ ടി ജലീല്‍ എംഎല്‍എയും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാര്‍ക്കുമെതിരെ നടത്തിയ പ്രതികരണങ്ങള്‍ ജീര്‍ണ്ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്കു ഭൂഷണമായിരിക്കാം. എന്നാല്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യപ്രസംഗം ഓര്‍മ്മിപ്പിച്ചിരുന്നു. രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം എന്ന തലക്കെട്ടിലാണ് മുഖ്യപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സംസ്‌കാരമില്ലാതെ പെരുമാറിയത് കേരള സമൂഹം പൊറുക്കില്ല. കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാട് എടുക്കും. നവകേരള സദസ്സില്‍ പിതാക്കന്മാര്‍ പങ്കെടുത്തപ്പോള്‍ പ്രതിപക്ഷം പ്രതികരിച്ചില്ല. സമനില തെറ്റിയത് പോലെയുള്ള പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയത്. മുഖ്യമന്ത്രി അപമാനിച്ചിട്ട് പോലും ജോസ് വിഭാഗം ഒന്നും പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ ജോസ് വിഭാഗം പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ്. ഇത് തിരുത്തിക്കാനുള്ള നിലപാട് അവര്‍ എടുക്കേണ്ടതാണ്. ഈ വിഷയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ല.സജി ചെറിയാന്റെ പ്രതികരണം നിര്‍ഭാഗ്യകരമാണെന്നും പ്രസ്താവന മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്നുവെന്നും മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ സജി ചെറിയാന്‍ തയ്യാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് അടിയന്തരയോഗം ചേര്‍ന്ന് മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിക്കുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

Top