കേരളത്തില്‍ കൃത്രിമ ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നു; പി.ടി തോമസ്

കൊച്ചി: സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നുവെന്ന് പി ടി തോമസ് എംഎല്‍എ. മെഡിക്കല്‍ ഓക്‌സിജന്‍ 70 ടണ്‍ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂ എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും പിടി തോമസ് പറഞ്ഞു.

സതേണ്‍ എയര്‍ പ്രോഡക്റ്റ് എന്ന കമ്പനിക്കാണ് ഓക്‌സിജന്‍ വിതരണാവകാശത്തിന്റെ കുത്തക. മുന്‍ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലാണ് കമ്പനിയാണ് ഇതെന്നും പി ടി തോമസ് ആരോപിക്കുന്നു. ഓക്‌സിജന്‍ രോഗികളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. എന്നാല്‍ ഇത് മറച്ചു വെയ്ക്കുന്നു. മെഡിക്കല്‍ ഓക്‌സിജന്‍ പല കമ്പനികള്‍ക്കും ആവശ്യത്തിന് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ലെന്നും പി ടി തോമസ് പറഞ്ഞു.

ഇനോക്‌സ് എന്ന കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ പല സൗകര്യങ്ങളും ചെയ്തു കൊടുത്തതാണ്. ഇവരുടെ ഉല്‍പ്പന്നമായ മെഡിക്കല്‍ ഓക്‌സിജന്റെ മുഴുവന്‍ വിതരണം സതേണ്‍ എയര്‍ പ്രൊഡക്ടിന് എങ്ങനെ കൈവന്നു എന്ന് അന്വേഷിക്കണമെന്നും പി ടി തോമസ് ആരോപിച്ചു.

 

Top