മങ്കിപോക്സ്; സംസ്ഥാനത്ത് ഇന്നുമുതൽ നിരീക്ഷണം ശക്തം

തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നുമുതൽ നിരീക്ഷണം ശക്തമാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളത്തിൽ പ്രത്യേകം പരിശോധനകൾ ഉണ്ടാകും. യാത്ര ചെയ്തെത്തുന്നവരിൽ എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് സ്ക്രീൻ ചെയ്യും. രോഗം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങളും നടപടികളും ഇനിയും ഉണ്ടാകും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്നലെയും പുതിയ നിർദേശങ്ങളും നൽകിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞദിവസം കേന്ദ്രസംഘം തിരുവനന്തപുരത്ത് സന്ദർശനം നടത്തിയിരുന്നു. ഇന്ന് മങ്കി പോക്സ് സ്ഥിരീകരിച്ച രോഗിയുടെ സ്വദേശമായ കൊല്ലം കേന്ദ്ര സംഘം സന്ദർശിച്ചു. അതേസമയം, ചിക്കൻ പോക്‌സ് സമാന ലക്ഷണങ്ങൾ ഉള്ളവർക്ക് റാൻഡം പരിശോധന ജില്ലകളിൽ ഉടൻ ആരംഭിക്കും. കുരങ്ങുപനി വ്യാപനം ഉണ്ടായോ എന്നറിയാൻ ആണിത്. ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മുൻകരുതലുകൾ എല്ലാ വിമാനത്താവളത്തിലും ഉള്ള ജീവനക്കാരും സ്വീകരിക്കണമെന്ന് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷിച്ച് കുരങ്ങുവസൂരി അല്ലെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും . രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതിനുവേണ്ടി എയർപോർട്ട് അധികൃതരുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്നും വീണ ജോർജ് പറഞ്ഞു . കുരങ്ങുവസൂരിയെ സംബന്ധിക്കുന്ന എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഉടൻതന്നെ ഐസുലേറ്റ് ചെയ്യാനുള്ള സംവിധാനങ്ങളും ആരോഗ്യ വകുപ്പിന് കീഴിൽ സജ്ജമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Top