മങ്കിപോക്‌സ്: ഡൽഹിയിൽ നിന്ന് തെലങ്കാനയിലേക്കോ? ഒരാൾ നിരീക്ഷണത്തിൽ

തെലങ്കാന: ഡല്‍ഹിയിൽ മങ്കിപോക്‌സ് സ്ഥിതീകരിച്ചതിനു പിന്നാലെ തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധയെന്ന് സംശയം. ഇന്ദിരാനഗര്‍ സ്വദേശിയായ 40കാരനിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ജൂലൈ ആറിന് ഇയാള്‍ കുവൈറ്റില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. പിന്നാലെ നല്ലകുണ്ടയിലെ ആശുപത്രിയിലെ മങ്കിപോക്‌സ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജൂലൈ 20നാണ് 40കാരന് പനിയുണ്ടായത്. പിന്നാലെ 23ന് ശരീരത്ത് ചുവന്നപാടുകളും പ്രത്യക്ഷപ്പെട്ടു. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന ആറുപേരിലും രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗിയുടെ സാമ്പിള്‍ ശേഖരിച്ച് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചതായി പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ജി ശ്രീനിവാസ് റാവു പറഞ്ഞു.

വിദേശയാത്രാ പശ്ചാത്തലം ഇല്ലാത്ത 31കാരനിലാണ് ഡൽഹിയിൽ വൈറസ് ബാധ കണ്ടെത്തിയത്. രോഗബാധയേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. രോഗിയുടെ സാമ്പിളുകള്‍ ശനിയാഴ്ചയാണ് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചത്. പിന്നാലെ പോസിറ്റീവ് ആണെന്ന് ഫലം ലഭിക്കുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കേരളത്തില്‍ മൂന്ന് പേരില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് രോഗബാധ കണ്ടെത്തിയത്. മൂവരും വിദേശത്ത് നിന്നെത്തിയവരാണ്.

Top