മങ്കിപോക്സ്: ഓട്ടോ ഡ്രൈവര്‍മാരെ കണ്ടെത്തി

തിരുവനന്തപുരം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ കൊല്ലം ഡി.എം.ഒ. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടായേക്കും. ഇതിനിടെ മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കണ്ടെത്തി. എന്നാല്‍ രോഗി കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കാര്‍ ഡ്രൈവറെയും കണ്ടെത്തി .

മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് വന്നതും പോയതും ഒരു ഓട്ടോയിലാണെന്നാണ് ഇന്നലെ ഡിഎംഒ ഓഫീസ് അറിയിച്ചിരുന്നത്. എന്നാല്‍, ഇദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത് ഒരു ഓട്ടോയിലും തിരികെ പോയത് മറ്റൊരു ഓട്ടോയിലുമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വലിയ വീഴ്ച ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് വിലയിരുത്തല്‍.

രോഗിക്ക് മങ്കിപോക്‌സാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സംശയം പ്രകടിപ്പിക്കുകയും ഡിഎംഒ ഓഫീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ സമയത്ത് പോലും വേണ്ട ജാഗ്രത പുലര്‍ത്താന്‍ ഡിഎംഒ ഓഫീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യങ്ങളിലെല്ലാം തന്നെ സംസ്ഥാനത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കടക്കം കടുത്ത അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ നടപടിക്ക് ഒരുങ്ങുന്നത്.

 

Top