കാറില്‍ ചീറിപ്പാഞ്ഞെത്തിയ കുരങ്ങന്‍ 5000രൂപയുമായി കടന്നുകളഞ്ഞു !

ലക്‌നൗ: മോഷണ ശ്രമങ്ങളും കള്ളന്മാരും ഇന്ന് ഹൈടെക് ആയിരിക്കുകയാണ്.വന്നു വന്നിപ്പോള്‍ പണം കൈയ്യിലുള്ളപ്പോള്‍ മൃഗങ്ങളെയും പക്ഷികളെയും വരെ ഭയക്കേണ്ട അവസ്ഥയിലാണ് മനുഷ്യന്മാര്‍.

കഴിഞ്ഞ ദിവസം ലക്‌നൗവിലെ ടോള്‍ബൂത്ത് ജീവനക്കാരനുണ്ടായ ഒരു അനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. ടോള്‍ബൂത്ത് ജീവനക്കാരന്റെ കൈയ്യില്‍ നിന്ന് പണം മോഷ്ടിക്കാന്‍ എത്തിയത് ഒരു കുരങ്ങനാണ് അതും കാറില്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഏറെ തിരക്കുള്ള ടോള്‍ബൂത്തിലായിരുന്നു മോഷണം. ബൂത്തിലിരിക്കുന്ന യുവാവ് മറ്റൊന്നും ശ്രദ്ധിക്കാതെ അതിവേഗം ജോലിചെയ്യുകയായിരുന്നു. ഈ സമയം ടോള്‍ ബൂത്തിനരികില്‍ വെളുത്ത നിറത്തിലുള്ള കാര്‍ വന്നുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. കാറില്‍ നിന്നിറങ്ങിയ കുരങ്ങന്‍ പൊടുന്നനെ ടോള്‍ബൂത്തിലേക്ക് കയറി. അമ്പരന്നുപോയ ജീവനക്കാരന്‍ കുരങ്ങനെ തടയാന്‍ ശ്രമിക്കുന്നുണ്ട്. ഇതാെന്നും കൂസാത്ത കുരങ്ങന്‍ മേശയില്‍ പണം സൂക്ഷിച്ചിരുന്ന ട്രേയില്‍ നിന്ന് ഒരുകെട്ട് നോട്ടുമെടുത്ത് വീണ്ടും കാറിലേക്ക് മടങ്ങി. ഉടന്‍ കാര്‍വേഗത്തിലോടിച്ചു പോകുകയും ചെയ്തു.

സംഭവം എല്ലാം ഒരുമിനിട്ടുകൊണ്ട് കഴിഞ്ഞു. കാര്‍ കണ്ടുപിടിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കാര്‍ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുരങ്ങന്മാരെ ഉപയോഗിച്ച് ടോള്‍ബൂത്തുകളില്‍ നേരത്തേയും മോഷണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Top