മങ്കിപോക്സ് : യൂറോപ്പിലെ വകഭേദമല്ല ഇന്ത്യയിലേതെന്ന് ICMR

ഡല്‍ഹി: ഇന്ത്യയിലെ മങ്കിപോക്സ് യൂറോപ്പിലെ വകഭേദമല്ലെന്ന് ഐ.സി.എം.ആര്‍. യൂറോപ്പില്‍ അതീവ വ്യാപനശേഷിയുള്ള ബി-വണ്‍ വകഭേദമാണുള്ളത്. കേരളത്തില്‍ രോഗംബാധിച്ച രണ്ടുപേരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് വിധേയമാക്കി നടത്തിയ പരിശോധനയില്‍ എ-രണ്ട് വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് താരതമ്യേന വ്യാപനശേഷി കുറവാണ്. അതിനാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഠനം നടത്തിയ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഐ.സി.എം.ആറിലെയും ശാസ്ത്രജ്ഞര്‍ പറയുന്നു.

യൂറോപ്പില്‍, അതിതീവ്രവ്യാപനത്തിന് കാരണമായത് ബി വണ്‍ വകഭേദമാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന പ്രതിഭാസം ആരംഭിച്ചതും യൂറോപ്പിലെ അതിതീവ്രസമയത്താണെന്നാണ് വിദഗ്ധരുടെ വാദം. തുടര്‍ന്ന് 78 രാജ്യങ്ങളിലായി 18,000-ത്തിലധികം ആളുകളിലേക്കാണ് രോഗം പകര്‍ന്നതെന്ന് സി.എസ്.ഐ.ആര്‍.-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി.) ശാസ്ത്രജ്ഞന്‍ വിനോദ് സ്‌കറിയ ട്വീറ്റ് ചെയ്തു. എന്നാല്‍, ഇന്ത്യയിലെ എ.രണ്ട് വകഭേദത്തിന് അതിതീവ്ര വ്യാപനശേഷിയില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ആരോഗ്യ അടിയന്തരാവസ്ഥയായി മങ്കിപോക്സിനെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ ഐ.സി.എം.ആര്‍. സ്വകാര്യ മരുന്നുനിര്‍മാണക്കമ്പനികളില്‍നിന്ന് അപേക്ഷ ക്ഷണിട്ടുണ്ട്.

വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്കുമാത്രം വിതരണംചെയ്യാനാണ് തീരുമാനം. ചെറുപ്പത്തില്‍ വസൂരി വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത 45 വയസ്സിന് താഴെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സാധ്യത. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Top