മങ്കിപോക്സ്: ലക്ഷണവുമായി രോഗികൾ വന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യണം

ഡൽഹി: മങ്കി പോക്‌സ് ലക്ഷണങ്ങളുമായി എത്തുന്ന കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം എന്ന് ദില്ലിയിലെ ആശുപത്രികൾക്ക് കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസിന്റെ നിർദേശം. മങ്കി പോക്സെന്ന് സംശയിക്കുന്ന രോഗികളെ ഉടൻ എൽ എൻ ജെ പി ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റണം എന്നും നിർദേശം നൽകി.

രാജ്യതലസ്ഥാനത്ത് ഇന്നലെയാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത് . രാജ്യത്ത് സ്ഥീരീകരിക്കുന്ന നാലാമത്തെ കേസായിരുന്നു ഇത്. മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല. ഇക്കാര്യം മങ്കിപോക്സുമായി ബന്ധപ്പെട്ട് ദില്ലിയിൽ ആശങ്ക വർധിക്കാൻ കാരണമായി.

മൂന്ന് ദിവസം ദില്ലി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. പനിയും, ത്വക്കിൽ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. തുടർന്നാണ് ഇന്നലെ രോഗം സ്ഥീരീകരിച്ചത്. യുവാവിനെ ചികിത്സച്ചവർ അടക്കം നീരീക്ഷണത്തിലാണ്.

ഇന്ത്യയിൽ ഇതുവരെ മങ്കീപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തിൽ മാത്രമായിരുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്ത് രോഗബാധ റിപ്പോർട്ട് ചെയ്തതും വിദേശ യാത്ര നടത്താത്ത ആൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

നാല് പതിറ്റാണ്ട് ആഫ്രിക്കയിൽ മാത്രം ഒതുങ്ങിനിന്ന രോഗം കഴിഞ്ഞ മൂന്ന് മാസത്തിനിടെ പടർന്നത് 75 രാജ്യങ്ങളിലെ 16000 പേരിലേക്കാണ്. ഇതിന് മുൻപ് ലോകാരോഗ്യ സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത് കൊവിഡിനെയാണ്. ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികൾ മാത്രം ഉള്ളപ്പോഴാണ് ആഗോള പകർച്ചവ്യാധിയായി കൊവിഡിനെ പ്രഖ്യാപിച്ചത്. കൊവിഡ് പോലുള്ള രോഗപ്പകർച്ച മങ്കിപോക്സിന്റെ കാര്യത്തിൽ ഉണ്ടാവില്ലെന്നാണ് ഇപ്പോഴും ആഗോള ഗവേഷകർ പറയുന്നത്.

 

 

Top