കാവിയുടുക്കാതെ സന്യാസി സമമായ ജീവിതം നയിക്കുന്ന നേതാവാണ് കുമ്മനം

കാവിയുടുക്കാത്ത സന്യാസി, യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനെ വെല്ലുന്ന ലളിതമായ ജീവിതം . . . മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനുള്ള വിശേഷണം പലതാണ്.

രാഷ്ട്രീയപരമായി കുമ്മനം രാജശേഖരനെ ശക്തമായി എതിര്‍ക്കുന്നവര്‍ പോലും ഈ ലളിത ജീവിത മാതൃക അംഗീകരിച്ചു പോകും.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കുമ്മനത്തിനും മിസോറാം ഗവര്‍ണ്ണറാകാന്‍ തിരിച്ച കുമ്മനവും ഒരേ വേഷത്തിലായിരുന്നു. മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു തോള്‍ സഞ്ചിയുമായി വരുന്ന കുമ്മനം ദേശീയ രാഷ്ട്രിയ കേന്ദ്രങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വലിയ അത്ഭുതമാണ്.

കേന്ദ്രത്തില്‍ അധികാരമുള്ള പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിക്കുമ്പോള്‍ പോലും ഒരു അഴിമതി ആരോപണം പോലും കുമ്മനത്തിനു നേരെ ഉയര്‍ന്നിട്ടില്ല. മറ്റു പല ബി.ജെ.പി നേതാക്കള്‍ക്കും എതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് കുമ്മനത്തിന്റെ മാഹാത്മ്യം വ്യക്തമാകുന്നത്.

മിസോറാം ഗവര്‍ണ്ണറായി നിയോഗിക്കപ്പെട്ട കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം ഉയര്‍ത്തിയ മിസോറാമിലെ ക്രൈസ്തവ സംഘടനകള്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറിയത് കുമ്മനത്തിന്റെ എളിമയും ലാളിത്യവും തിരിച്ചറിഞ്ഞത് കൊണ്ടു കൂടിയാണ്. ഗവര്‍ണ്ണറുടെ ആഢംബര വസതി വേണ്ടന്ന് വാശി പിടിച്ച കുമ്മനത്തെ കണ്ണുരുട്ടിയാണ് ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ അനുനയിപ്പിച്ചത്.

മിസോറാം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ കുമ്മനത്തെ കേരളത്തില്‍ നിയോഗിക്കാനുള്ള ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട് തന്ത്രപരമാണ്. തിരുവനന്തപുരത്ത് കുമ്മനത്തെ നിര്‍ത്തി വിജയിപ്പിച്ച് കേന്ദ്ര മന്ത്രിയാക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണിത്.

ശബരിമല വിഷയത്തില്‍ ശരിയായ ദിശയില്‍ സമരം നയിക്കാന്‍ കുമ്മനം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ കഴിയുമായിരുന്നു എന്ന് തന്നെയാണ് ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വം കരുതുന്നത്.

Top