കൊറോണ; മുംബൈയിലെ സ്ഥാപനങ്ങള്‍ക്ക് 31വരെ അവധി: ഓഹരി വിപണി പ്രവര്‍ത്തിക്കും

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബിഎസ്ഇയുടെയും എന്‍എസ്ഇയുടെയും ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെയും ആസ്ഥാനം മുംബൈയില്‍തന്നെയാണ്. മഹാരാഷ്ട്രയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതിനെതുടര്‍ന്ന് മുംബൈ, പുണെ, നാഗ്പുര്‍ നഗരങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് 31വരെ അവധിയായിരിക്കുമെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കുമെന്നാണ് പുതിയ വാര്‍ത്ത.

പ്രധാന ബ്രോക്കിങ് ഹൗസുകളുടെ കേന്ദ്ര ഓഫീസുകളും മുംബൈ നഗരത്തിലാണ്. മുംബൈ നഗരത്തില്‍ 31വരെ മറ്റ് വ്യാപാര കേന്ദ്രങ്ങളൊന്നും തുറക്കില്ല. അവശ്യ സര്‍വീസുകളായ പൊതുഗതാഗതം, ബാങ്ക്, ക്ലിയറിങ് ഹൗസുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവയ്ക്ക് അവധി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി വിപണിക്ക് ശനിയും ഞായറും അവധിയായതിനാല്‍ 23ന് തിങ്കളാഴ്ചയായിരിക്കും ഇനി വ്യാപാരം നടക്കുക.

നാലുദിവസത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം മികച്ച നേട്ടത്തിലാണ് ഓഹരി സൂചികകള്‍ കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 1627.73 പോയന്റും നിഫ്റ്റി 482 പോയന്റും നേട്ടമുണ്ടാക്കി.

Top