നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക്; ഫോണുകളുടെ വില കൂടും

രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കൂടും. ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗം മൊബൈല്‍ ഫോണുകളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തി. ജിഎസ്ടി കൗണ്‍സിലിന്റെ 39 മത് യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്.

വിമാനത്തിന്റെ എംആര്‍ഒ (മെയിന്റനന്‍സ് റിപ്പയര്‍ ഓവര്‍ഹോള്‍) സേവനങ്ങളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. നിരക്കുമായി ബന്ധപ്പെട്ട എല്ലാ മാറ്റങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് കോടിയില്‍ താഴെയുള്ള വാര്‍ഷിക വിറ്റുവരവ് ഉള്ളവര്‍ക്ക്, വാര്‍ഷിക റിട്ടേണ്‍, അനുരഞ്ജന പ്രസ്താവന എന്നിവ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2020 ജൂണ്‍ 30 വരെ നീട്ടി. നഷ്ടപരിഹാര സെസ്സായി 78,000 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രി പറഞ്ഞു. സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട ആകെ നഷ്ടപരിഹാരം 1.2 ലക്ഷം കോടി രൂപയാണ്.

2020 ജൂലൈ മുതല്‍ ഇന്‍ഫോസിസ് മികച്ച ജിഎസ്ടിഎന്‍ സംവിധാനം ഉറപ്പാക്കുമെന്ന് സീതാരാമന്‍ പറഞ്ഞു. ജിഎസ്ടിയുടെ ഐടി സംവിധാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ 2021 ജനുവരി വരെ സമയം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Top