കൊറോണ; രാജ്യത്തെ കറന്‍സിയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിലവാരത്തില്‍

മുംബൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ കറന്‍സിയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 73 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് കറന്‍സിയുടെ മൂല്യം ഇത്രയും താഴാന്‍ പ്രധാനകാരണം.

ചൊവാഴ്ച രാവിലെ 72.22 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയ്ക്ക് 1.42 ഓടെ 73.03 നിലവാരത്തിലേയ്ക്ക് താഴുകയായിരുന്നു. 2018 നവംബര്‍ 12നാണ് ഇതിനുമുമ്പ് രൂപയുടെ മൂല്യം 72.76 നിലവാരത്തിലെത്തിയത്.

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും രൂപയുടെ മൂല്യം ഇടിഞ്ഞത് രണ്ട് ശതമാനത്തിലേറെ നഷ്ടം ഉണ്ടാക്കി. മറ്റ് ഏഷ്യന്‍ കറന്‍സികളായ തായ് ഭട്ട് 0.4ശതമാനവും ചൈന ഓഫ്ഷോര്‍ 0.3ശതമാനവും സിംഗപുര്‍ ഡോളര്‍ 0.3ശതമാനവും ദക്ഷിണ കൊറിയന്‍ വോണ്‍ 0.1ശതമാനവും താഴ്ന്നിരുന്നു.

Top