ബിഎസ് 6 നിലവാരത്തിലേയ്ക്ക്; പെട്രോളിനും ഡീസലിനും ഏപ്രില്‍ ഒന്നുമുതല്‍ വിലകൂടും

മുംബൈ: ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വിലകൂടുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിങാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

എന്നാല്‍ എത്രത്തോളം വില വര്‍ധനവുണ്ടാകുമെന്ന് ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. സള്‍ഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തില്‍ 50പിപിഎം സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ ബിഎസ് 6ല്‍ അത് 10 പിപിഎം മാത്രമായി കുറയും.

ബിഎസ് 6ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവ് പകുതിയിലധികം കുറയും. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക.

മലിനീകരണംകുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാന്‍ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ചെലവാക്കിയത്. അതില്‍ ഐഒസിക്കുമാത്രം 17,000 കോടി രൂപയാണ് ചെലവായത്.

Top