കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

petrole

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് സൂചന. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്ന സാഹചര്യത്തിലാണ് വില ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

അസംസ്‌കൃത എണ്ണവില വീണ്ടും കുറയുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 മുതല്‍ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വില കുറയ്ക്കാതെ തീരുവ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്നു രൂപ തീരുവ വര്‍ധിപ്പിച്ചതോടെ 45,000 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.

വര്‍ധിച്ചുവരുന്ന ധനക്കമ്മി നിയന്ത്രണവിധേയമാക്കുന്നതിനും കൊറോണ മൂലമുള്ള അധികചെലവിന് പണം കണ്ടെത്തുന്നതിനുമാകും ഇതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ കാര്യമായിതന്നെ ബാധിക്കും. ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍-സര്‍വീസ് സെഗ്മെന്റ്, കച്ചവടം എന്നിവയെയായിരിക്കും പ്രധാനമായും പിടിച്ചുകുലുക്കുക. ഇതിലൂടെ ധനക്കമ്മിയില്‍ ആഘാതമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top