നിക്ഷേപ പലിശ കുറച്ച് എസ്ബിഐ; പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

നിക്ഷേപ പലിശ കുറച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 10 മുതല്‍ 15 ബേസിസ് പോയന്റുവരെയും രണ്ടുകോടിയിലും കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 25 മുതല്‍ 50 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രബല്യത്തില്‍വന്നു.

റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ആര്‍ബിഐയുടെ വായ്പ നയം പുറത്തുവന്നതിനുശേഷമാണ് ബാങ്ക് പലിശ കുറച്ചത്. 7 മുതല്‍ 45 ദിവസംവരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കുമാത്രം നിരക്കില്‍ മാറ്റമില്ല. 46 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അരശതമാനം പലിശ കുറച്ചിട്ടുണ്ട്. ഇതോടെ പലിശ അഞ്ചുശതമാനമായി.

ഒരുവര്‍ഷം മുതല്‍ 10 വര്‍ഷംവരെ കാലാവധിയുള്ള പലിശയുടെ നിരക്കില്‍ 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ പലിശ ആറുശതമാനമാണ് ആയിട്ടുള്ളത്.

Top