ബിജെപിയെ പിന്തുണയ്ക്കാന്‍ പണം; ആരോപണത്തോട് പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ബിജെപിയെ പിന്തുണയ്ക്കാന്‍ പണം വാദ്ഗാനം ചെയ്‌തെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണം നിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. താന്‍ പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

ഇത്തരം ആരോപണങ്ങള്‍ വേദനിപ്പിച്ചു. ആരോപണങ്ങള്‍ക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. കോണ്‍ഗ്രസ് എംഎല്‍എയായ ഗിരിരാജ് സിംഗ് മലിംഗയാണ് സച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയില്‍ ചേരാന്‍ സച്ചിന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മലിംഗ ആരോപിച്ചത്.

ഈ വാഗ്ദാനം താന്‍ നിരസിച്ചു. സച്ചിന്‍ പൈലറ്റ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതിനെക്കുറിച്ച് അന്ന് തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചിരുന്നുവെന്നും മലിംഗ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സച്ചിന്‍ പൈലറ്റ് പിന്നില്‍ നിന്ന് കുത്തിയെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമര്‍ശിച്ചത്.

സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കഴിഞ്ഞ ആറ് മാസമായി സച്ചിന്‍ പൈലറ്റ് ബിജെപിക്കൊപ്പം ഗൂഢാലോചന നടത്തുകയായിരുന്നു. ഗൂഢാലോചന നടക്കുന്ന കാര്യം താന്‍ നിരന്തരം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍, അക്കാര്യം ആരും വിശ്വസിച്ചില്ല. നിഷ്‌കളങ്ക മുഖവുമായി നടക്കുന്ന വ്യക്തി ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് ആരും കരുതിയില്ലെന്നും ഗെലോട്ട് പറഞ്ഞു.

Top