ബാങ്ക് അക്കൗണ്ടുകളിലൂടെ പണം തട്ടിപ്പ്; പിന്നില്‍ അതിവിദഗ്ദ്ധനായ കള്ളന്‍

കോഴിക്കോട്: വടകരയില്‍ ഉടമകള്‍ അറിയാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയതായി പരാതി. 11 പേര്‍ ഇതിനകം വടകര പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. 1,85,000 ത്തില്‍ അധികം രൂപയാണ് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടത്. കൂടുതല്‍ പേര്‍ ചതിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണ്ണയ്ക്ക് 20,000 രൂപയാണ് നഷ്ടമായത്. ശനിയാഴ്ച വൈകീട്ട് 3.55 നാണ് 10,000 രൂപ വീതം രണ്ട് തവണയായി എസ്ബിഐ അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ പിന്‍വലിച്ചത്. എടിഎം കാര്‍ഡ് വഴി പണം പിന്‍വിച്ചുവെന്നാണ് മൊബൈലില്‍ സന്ദേശമെത്തിയത്. എടിഎം കാര്‍ഡ് ഇവരുടെ കൈവശം തന്നെയുണ്ട്. പിന്‍ നമ്പര്‍ ആര്‍ക്കും കൈമാറിയില്ലെന്നും അപര്ണ്ണ പറയുന്നു.

തലശേരി കോ ഓപ്പറേറ്റീവ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്ത്ഥിനിയായ അപര്‍ണ്ണയുടെ സ്‌കോളര്‍ഷിപ്പ് തുകയാണ് ഇങ്ങനെ തട്ടിയെടുത്തത്. വടകര പുതിയാപ്പ്മലയില്‍ തോമസിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് 40,000 രൂപ. 10,000 രൂപ വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു.

മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. എടിഎം കാര്‍ഡിന്റെ വിവരങ്ങളും പിന്‍ നമ്പറും ചോര്‍ത്തിയുള്ള തട്ടിപ്പാണിതെന്ന് സംശയിക്കുന്നു. ആസൂത്രിതമായുള്ള തട്ടിപ്പിന് പിന്നില്‍ സാങ്കേതിക വിദ്യയില്‍ വളരെ അറിവുള്ളവരാണ്. ചിപ്പുള്ള എടിഎം കാര്‍ഡിലെ വിവരങ്ങള്‍ എങ്ങനെ ചോര്‍ത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

Top