കുഴല്‍പ്പണ കേസ്: കെ കെ അനീഷ് കുമാറിനെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പോലീസ് ക്ലബില്‍ രാവിലെ 10 മണിക്ക് ഹാജരാവാനാണ് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് രാത്രിയില്‍ അനീഷ് തൃശ്ശൂരിലെത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കൂടാതെ നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണസംഘം പരിശോധിക്കും. നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലിനായി കാറില്‍ എത്തിച്ചതും അനീഷ്‌കുമാര്‍ ആയിരുന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഓഫീസ് സെക്രട്ടറിയായ സതീഷിനെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹമത് പൊലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനീഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

Top