കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കര്‍ണാടക ഹൈക്കോടതി മെയ് 19-ലേക്കാണ് മാറ്റിയത്. ഏഴ് മാസം ജയിലില്‍ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കുന്നതിന് കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ അസൗകര്യം കാരണം ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കണം എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്നും അവധിക്കാല ബെഞ്ചിന് ഇന്ന് വിശദമായ വാദം കേള്‍ക്കാന്‍ സമയം ഉണ്ടാകില്ലെന്നും കോടതി വ്യക്തമമാക്കി.

ഇതേ തുടര്‍ന്നാണ് ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അതിനാല്‍ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്. ബിനീഷിന്റെ അകൗണ്ടില്‍ കള്ളപ്പണം ഇല്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണ് ബാങ്ക് അകൗണ്ടില്‍ ഉണ്ടായിരുന്നത്.

കേസിലെ പ്രതിയായ അനൂപ് മുഹമ്മദില്‍ നിന്ന് ബിനീഷിന് പണം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അവധിക്ക് ശേഷം ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യാം എന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും അടുത്ത ബുധനാഴ്ച തന്നെ അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

 

 

Top