കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വീണ്ടും ജാമ്യാപേക്ഷ നല്‍കി ബിനീഷ് കോടിയേരി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നല്‍കി. ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ ഇതേ കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു. കേസില്‍ ബിനീഷ് അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് വീണ്ടും ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

ബംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്.

Top