വ്യവസായിയെ കബളിപ്പിച്ചു; പി.വി. അന്‍വറിനെതിരെയുള്ള കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി

മഞ്ചേരി: പ്രവാസിയായ വ്യവസായിയെ കബളിപ്പിച്ചുവെന്ന കേസില്‍ പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെയുള്ള കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. മഞ്ചേരി പൊലീസിനോടാണ് കോടതി കേസ് ഡയറി ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാസിയില്‍ നിന്ന് അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കേസ് ഡയറി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നും ക്വാറിയുടെ പത്ത് ശതമാനം ഓഹരി നല്‍കാമെന്നും കാണിച്ച് മലപ്പുറം നടുവത്തൂര്‍ സ്വദേശി സലീം എന്ന വിദേശ വ്യവസായിയില്‍ നിന്ന് അന്‍വര്‍ 50 ലക്ഷം രൂപ വാങ്ങുകയായിരുന്നു. എന്നാല്‍, ലാഭവിഹിതം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് മുടക്കിയ പണം മടക്കി ആവശ്യപ്പെട്ട് സലീം അന്‍വറിനെ സമീപിച്ചിരുന്നു. എന്നാല്‍, അത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സലീം കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍ ഇത്തരത്തില്‍ ഒരു ക്വാറിയോ ഓഹരി ഉടമകളോ ഇല്ലെന്നും, വ്യാജരേഖ ചമച്ച് തന്നെ കബളിപ്പിക്കുകയായിരുന്നെന്നും സലീം തിരിച്ചറിഞ്ഞത്.

ഇതേ തുടര്‍ന്ന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്‍വറിന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തുക മാത്രമാണ് പൊലീസ് ചെയ്തതെന്നാണ് കോടതിയില്‍ കൊടുത്ത രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

Top