ജീവനക്കാരുടെ കുറവ്; സന്നിധാനത്തെ കാണിക്ക എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും ആളില്ല

ശബരിമല: ജീവനക്കാരുടെ കുറവ് മൂലം എണ്ണി തിട്ടപ്പെടുത്താതെ സന്നിധാനത്തെ കാണിക്ക. ശബരിമല ക്ഷേത്രത്തിലേക്ക് കാണിക്കയായ് ലഭിച്ച രണ്ടരകോടിയില്‍പ്പരം രൂപ എണ്ണിത്തിട്ടപ്പെടുത്താതെ മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഹാകാണിക്ക തുറക്കുന്നതോടെ ഇത് വീണ്ടും വര്‍ദ്ധിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങള്‍ പറയുന്നു.

146 ജീവനക്കാരെയാണ് ഭണ്ഡാരം ഡ്യൂട്ടിക്കായി നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ച വീണ്ടും 44 പേരെക്കൂടി എത്തിച്ചതോടെ എണ്ണം 190 ആയി ഉയര്‍ന്നു. 2016-17ല്‍ നടയടച്ച സമയത്ത് പത്ത് ദിവസംകൂടി ഡ്യൂട്ടി നീട്ടിക്കൊടുത്താണ് കാണിക്ക എണ്ണിമാറ്റിയത്. ജീവനക്കാര്‍ക്ക് പുറമേ അവരുടെ ഭക്ഷണം, ആരോഗ്യ സംവിധാനങ്ങള്‍, തുടങ്ങി സീസണിലെപ്പോലെ എല്ലാ സംവിധാനങ്ങളും അധികമായി ഒരുക്കേണ്ടിവന്നതിനാല്‍ ദേവസ്വം ബോര്‍ഡിന് അധികബാദ്ധ്യതയും ഉണ്ടായി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാണയങ്ങളുടെയും ചെറിയ നോട്ടുകളുടെയും എണ്ണം കൂടിയതും എണ്ണിതിട്ടപ്പെടുത്തലിന്റെ വേഗത കുറച്ചു. ഇതോടെ തിട്ടപ്പെടുത്താന്‍ കഴിയാത്ത നോട്ടുകള്‍ പെട്ടിയിലും നാണയങ്ങള്‍ നൂറിലധികം കൊട്ടകളിലുമാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്.

Top