monday class start in jnu

ന്യൂഡല്‍ഹി: ദേശീയത സംബന്ധിച്ച് അദ്ധ്യാപകരും പുറത്തുനിന്നുള്ള വിവിധ വ്യക്തികളും എടുത്ത ഒരു മാസത്തെ ക്ലാസുകള്‍ക്ക് ശേഷം രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാല സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ക്ലാസുകളിലേയ്ക്ക് തിരിഞ്ഞു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇനി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ക്ലാസുകളാണ് നടക്കുക.

ദേശീയത സംബന്ധിച്ച ക്ലാസുകള്‍ കഴിഞ്ഞു. അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ഞങ്ങളുടെ മൂന്ന് വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ ജയിലില്‍ നിന്ന് പുറത്തുവന്നു. ഇനി ക്ലാസുകളുടെ രണ്ടാംഘട്ടമാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച്, ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് പട്‌നായിക് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത അര്‍ത്ഥങ്ങളെക്കുറിച്ചായിരിയ്ക്കും ക്ലാസുകള്‍. മാര്‍ച്ച് 21ന് ആസാദി ക്ലാസുകള്‍ ആരംഭിക്കും. ആദ്യ ക്ലാസ് എടുക്കുന്നത് പാര്‍ത്ഥ ചാറ്റര്‍ജി ആയിരിയ്ക്കും. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ആസാദി മുദ്രാവാക്യം ജെ.എന്‍.യു ക്യാമ്പസിലും രാജ്യത്താകെയും തരംഗമായി മാറിയിരിയ്ക്കുകയാണ്.

നേരത്തെ പ്രശസ്ത ചരിത്രകാരിയും ചിന്തകയുമായ റോമില ഥാപ്പര്‍, മാര്‍ക്‌സിസ്റ്റ് ചിന്തകനും സാമ്പത്തിക വിദഗ്ദനുമായ പ്രഭാത് പട്‌നായിക്, ജയതി ഘോഷ് തുടങ്ങിയവര്‍ ദേശീയതയെ കുറിച്ച് ക്ലാസുകള്‍ എടുത്തിരുന്നു. കനയ്യ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് തന്നെ ക്ലാസുകള്‍ തുടങ്ങിയിരുന്നു. ക്യാമ്പസിലെ പ്രധാന പ്രതിഷേധ കേന്ദ്രമായ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് മുന്നിലുള്ള സ്ഥലത്താണ് ക്ലാസുകള്‍ നടക്കുന്നത്. ലിംഗവും ദേശീയതയും, ദളിതുകളും രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഹിന്ദുത്വ അജണ്ടയും, ലോകവീക്ഷണം, സര്‍വകലാശാലയും രാഷ്ട്രവും,ഫാസിസത്തിന്റെ രാഷ്ട്രീയ സംസ്‌കാരം, രാജ്യദ്രോഹവും ദേശീയതയും, ടാഗോറും ഗാന്ധിയും, ജെ.എന്‍.യുവും രാജ്യം ബാക്കി വയ്ക്കുന്നതും, ചരിത്രവും ദേശീയതയും അന്നും ഇന്നും തുടങ്ങിയ വിഷയങ്ങളിലായിരുന്നു ദേശീയതാ ക്ലാസുകള്‍.

Top