ബാഡ്മിന്റണ്‍ താരം കെന്റോ മോമോട്ടയ്ക്ക് കോവിഡ്

ബാങ്കോക്ക്: ജപ്പാൻ ബാഡ്മിന്റണ്‍ താരം കെന്റോ മോമോട്ടയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരണം. തായ്‌ലന്‍ഡിലേക്ക് പറക്കുന്നതിനായി നരിറ്റ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു താരത്തെയും സംഘത്തെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. രണ്ടു തവണ ബാഡ്മിന്റണ്‍ ലോകചാമ്പ്യനായ കെന്റോ മോമോട്ടയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്നും ജപ്പാന്‍ പിന്മാറി.

തായ്‌ലന്‍ഡില്‍ രണ്ട് ടൂര്‍ണമെന്റുകള്‍ക്കായിരുന്നു മൊമോട്ട പങ്കെടുക്കേണ്ടിയിരുന്നത്. ആദ്യത്തെത് ജനുവരി 12 മുതല്‍ 17 വരെയും രണ്ടാമത്തെത് ജനുവരി 19 മുതല്‍ 24 വരെയും നടക്കും.മൊമോട്ടയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒരു ജപ്പാന്‍ താരം പോലും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നില്ലെന്ന് തായ്‌ലന്‍ഡ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ഖുന്‍യിങ് പട്ടാമ അറിയിച്ചു. കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന മൊമോട്ട വിശ്രമത്തിനുശേഷം തിരിച്ചുവരുന്ന ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്.

Top