മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഈദ് റിലീസായി തിയറ്ററുകളില്‍ എത്തും

മ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഉണ്ട’ ഈദ് റിലീസായി തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഖാലിദ് റഹമാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഛത്തീസ്ഖഢില്‍ തെരഞ്ഞെടുപ്പ് സമയത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന മധുരരാജയുടെ റിലീസിങിനൊപ്പം പ്രദര്‍ശിപ്പിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ആസിഫലി നായകനായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. ഹര്‍ഷാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വിനയ് ഫോര്‍ട്ട്, ആസിഫ്അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top