കുഞ്ഞിനെ കൊന്ന ശേഷം അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് മൃതദേഹം പുഴയിലെറിഞ്ഞു

റു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്ന ശേഷം അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് മൃതദേഹം പുഴയിലെറിഞ്ഞു. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. ബ്രിട്ടനി ഗോസ്‌നി എന്ന യുവതി, സുഹൃത്തായ ജെയിംസ് ഹാമില്‍ട്ടണ്‍ എന്നിവരാണ് കുട്ടിയെ കൊല ചെയ്തത്. ജെയിംസ് എന്നാണ് കൊലചെയ്യപ്പെട്ട കുട്ടിയുടെ പേര്. ക്രൂരകൃത്യം നടത്തിയശേഷം കഴിഞ്ഞ ഞായറാഴ്ച മകനെ കാണാനില്ലെന്ന പരാതിയുമായി ബ്രിട്ടനി തന്നെ സുഹൃത്തിനൊപ്പം മിഡില്‍ടണ്‍ പൊലീസ്‌ സ്റ്റേഷനില്‍ എത്തുകയായിരുന്നു.
പരാതി ലഭിച്ച ഉടന്‍ ജെയിംസിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി.

അന്വേഷണങ്ങള്‍ക്കൊടുവില്‍ ബ്രിട്ടനി തന്നെയാണ് മകന്റെ തിരോധാനത്തിനു പിന്നില്‍ എന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ബ്രിട്ടനി കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നിലെ കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല.
വെള്ളിയാഴ്ച രാത്രി ജെയിംസിനും മറ്റു രണ്ടു മക്കള്‍ക്കുമൊപ്പം ബ്രിട്ടനി തന്റെ കാറില്‍ പ്രബിള്‍ കൗണ്ടിയിലെ ഒരു പാര്‍ക്കിങ് ഏരിയയിലേക്ക് എത്തി. ജെയിംസിനെ അവിടെ ഉപേക്ഷിച്ച് പോകാനായിരുന്നു പദ്ധതി. എന്നാല്‍ കുട്ടി തിരികെ കാറിലേക്ക് കയറാന്‍ ശ്രമിച്ചതോടെ ശരീരത്തില്‍ കൂടി വാഹനം കയറ്റി ഇറക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

അരമണിക്കൂറിനു ശേഷം സംഭവസ്ഥലത്ത് മടങ്ങിയെത്തിയ ബ്രിട്ടനി മകന്റെ മൃതദേവുമായി തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി. ശനിയാഴ്ച രാത്രി വരെ സൂക്ഷിച്ച മൃതദേഹം ആണ്‍സുഹൃത്തിന്റെ സഹായത്തോടെ ഒഹിയോ നദിയിലേക്ക് എറിയുകയായിരുന്നു. പിറ്റേന്ന് പകലാണ് മകനെ കാണാനില്ലെന്ന പരാതിയുമായി ഇരുവരും പൊലീസിനെ സമീപിച്ചത്. ശനിയാഴ്ച രാത്രി ജെയിംസിനെ കാണാതായി എന്നാണ് ബ്രിട്ടനി പൊലീസിന് നല്‍കിയ വിവരം.

രാത്രി കുട്ടിയെ കാണാതായിട്ടും പിറ്റേന്ന് പുലര്‍ച്ചെ വരെ പൊലീസിനെ അറിയിക്കാതിരുന്നതാണ് ഉദ്യോഗസ്ഥരില്‍ സംശയം ഉണര്‍ത്തിയത്. തുടര്‍ന്ന് രഹസ്യ പൊലീസിന്റെ സഹായംതേടിയ ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ക്കകം സംഭവിച്ചതെന്താണെന്ന് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി തന്നെ ബ്രിട്ടനിയെയും ജെയിംസ് ഹാമില്‍ട്ടണെയും അറസ്റ്റ് ചെയ്തു.

നദിയില്‍ ജലനിരപ്പ് ഏറിയത് കുട്ടിയുടെ ശരീരത്തിനായുള്ള തെരച്ചിലുകള്‍ക്ക് തടസ്സമാകുന്നതായി പോലീസ് അറിയിക്കുന്നു. കൊലപാതകം, മൃതദേഹത്തോടുള്ള അധിക്ഷേപം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ബ്രിട്ടനിക്ക് എതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. കൊലപാതകം ഒഴികെ മറ്റു രണ്ടു വകുപ്പുകളും ജയിംസ് ഹാമില്‍ട്ടണ് എതിരെയും ചുമത്തിയിട്ടുണ്ട്. കുറ്റസമ്മതം നടത്തിയെങ്കിലും ബ്രിട്ടനിക്ക് മകനെ കൊല ചെയ്തതില്‍ പശ്ചാത്താപം ഉള്ളതായി തോന്നുന്നില്ല എന്നും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

Top