Molestation case: no bail for AAP MLA Dinesh Mohaniya

ന്യൂഡല്‍ഹി: കുടിവെള്ള പ്രശ്‌നത്തെപ്പറ്റി പരാതി നല്‍കാനെത്തിയ സ്ത്രീകളെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ദിനേശ് മൊഹാനിയ നല്‍കിയ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള വിവിധ വകുപ്പുകളാണ് മൊഹാനിയക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ലൈംഗിക പീഡനം, സ്ത്രീയെ അപമാനിക്കല്‍, വാക്കുകള്‍ കൊണ്ട് അപമാനിക്കല്‍ തുടങ്ങി ഏഴു വകുപ്പുകളിലായാണ് കേസെടുത്തിരിക്കുന്നത്.

ഡല്‍ഹി ജല ബോര്‍ഡിലെ വൈസ് ചെയര്‍മാനായ മൊഹാനിയ കുടിവെള്ള പ്രശ്‌നത്തെപ്പറ്റി പരാതി നല്‍കാനെത്തിയ സ്ത്രീകളെ അപമാനിച്ചുവെന്ന കേസില്‍ ശനിയാഴ്ചയാണ് അറസ്റ്റിലാകുന്നത്.

പത്രസമ്മേളനത്തിനിടെ വളരെ നാടകീയമായാണ് ഡല്‍ഹി പോലീസ് എം.എല്‍.എയെ അറസറ്റ് ചെയ്തത്. തുടര്‍ന്ന് കോടതി മൊഹാനിയയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ നരസിച്ച കോടതി ജൂലായ് 11 വരെ റിമാന്‍ഡ് നീട്ടാനും ഉത്തരവിട്ടു.

എം.എല്‍.എ യുടെ അറസ്റ്റ് കേന്ദ്രവും അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തിന് പുതിയ കാരണമാകുകയാണ്. ആംആദ്മി പാര്‍ട്ടി എം.എല്‍.എ മാരുടെ സ്ത്രീ വിരുദ്ധ സ്വഭാവമാണ് സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

Top