കോവിഡിന് മുമ്പത്തേക്കാൾ വളർച്ച രേഖപ്പെടുത്തി മഹാഭൂരിപക്ഷം സൂചികകളും

business

മുംബൈ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഗതി സൂചിപ്പിക്കുന്ന 22 സൂചികകളിൽ 19 എണ്ണവും കോവിഡിനു മുൻപത്തെ നിലയെ അപേക്ഷിച്ച് വർധന രേഖപ്പെടുത്തി. രാജ്യം കോവിഡ് ഉയർത്തിയ സാമ്പത്തിക വെല്ലുവിളി മറികടന്നതിന്റെ തെളിവാണിത്. 19 സൂചികകൾ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 2019ലെ സമാന മാസങ്ങളിലെ നിലയെക്കാൾ കാര്യമായ വർധന നേടിയെന്നു സർക്കാർ വ്യക്തമാക്കി. ഇലക്ട്രോണിക് ടോൾ പിരിവ് 157% ഉയർന്ന് ഒക്ടോബറിൽ 108 കോടിയായി. യുപിഐ പണമിടപാടുകൾ (422 കോടി രൂപ) നാലിരട്ടിയായി. ഇ–വേ ബിൽ ഇരട്ടിയായി 7.4കോടി എത്തി. കൽക്കരി ഖനനം 131% ഉയർന്ന് 114 മില്യൻ ടൺ ആയി.

കയറ്റുമതി, രാസവളം വിൽപന, വൈദ്യുതോപയോഗം, റയിൽവേ ചരക്കുനീക്കം, ട്രാക്ടർ വിൽപന, തുറമുഖ ചരക്കു നീക്കം, ഇന്ധനോപയോഗം, വിമാനചരക്കുനീക്കം, വ്യവസായോൽപാദന സൂചിക, 8 അടിസ്ഥാന വ്യവസായവളർച്ചത്തോത് എന്നിവയെല്ലാം ഗണ്യമായ വർധനയാണു നേടിയത്. കോവിഡിനു മുൻപത്തെ സ്ഥിതിയിലേക്ക് എത്താത്തത് 3 വിഭാഗങ്ങൾ മാത്രമാണ്. ഉരുക്ക് ഉപയോഗം 2019 ഒക്ടോബറിലെ നിലയുടെ 99% വരെയേ ഇക്കുറി എത്തിയിട്ടുള്ളൂ. രാജ്യത്തെ വാഹന വിൽപന അന്നത്തേതിന്റെ 86%, വിമാനയാത്രക്കാരുടെ എണ്ണം അന്നത്തേതിന്റെ 66% എന്നിങ്ങനെയേ ആയിട്ടുള്ളൂ.

Top