ഐ-ലീഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ശനിയാഴ്ച; ബഗാന് കിരീടം നിഷേധിക്കില്ല

പനാജി: ഐ-ലീഗിലെ ബാക്കി മത്സരങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി ശനിയാഴ്ച യോഗം ചേരും. ലീഗ് റദ്ദാക്കാന്‍ തീരുമാനിച്ചാലും മോഹന്‍ ബഗാന് ഐ-ലീഗ് കിരീടം നിഷേധിക്കില്ല.

കോവിഡ് ഭീഷണിയെ തുടര്‍ന്ന് ദേശീയ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയതോടെ അടുത്തൊന്നും ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കില്ലെന്ന് ഉറപ്പാണ്. ഇതോടെ മത്സര ഫുട്‌ബോള്‍ എപ്പോള്‍ വേണമെങ്കിലും കളിക്കാതിരിക്കാനും സാധ്യതയുള്ളതിനാല്‍, ഐ-ലീഗും മറ്റ് സജീവ മത്സരങ്ങളും റദ്ദാക്കപ്പെടും.

നാലു റൗണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കുമ്പോള്‍ തന്നെ 16 കളിയില്‍നിന്ന് 39 പോയന്റുമായി ബഗാന്‍ കിരീടമുറപ്പിച്ചിരുന്നു. എന്നാല്‍ റദ്ദാക്കുന്ന ഒരു ലീഗില്‍ ഒരു ടീമിനെ എങ്ങനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുമെന്ന് ബഗാന്റെ ചിരവൈരികളായ ഈസ്റ്റ് ബംഗാള്‍ ചോദ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ഐ-ലീഗ് ചട്ടമനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എ.ഐ.എഫ്.എഫിന് അധികാരമുണ്ട്.

Top