ഐ-ലീഗ് സീസണ്‍ റദ്ദാക്കി; ജേതാക്കള്‍ മോഹന്‍ ബഗാന്‍ തന്നെ

ന്യൂഡല്‍ഹി: മോഹന്‍ ബഗാനെ ജേതാക്കളായി പ്രഖ്യാപിച്ച് 2019-20 ഐ-ലീഗ് സീസണ്‍ അവസാനിപ്പിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) തീരുമാനിച്ചു.

കൊറോണ വൈറസ് പാന്‍ഡെമിക് മൂലം മെയ് 3 വരെ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐ-ലീഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

മത്സരത്തില്‍ നാല് റൗണ്ടുകള്‍ ബാക്കി നില്‍ക്കെയാണ് മോഹന്‍ ബഗാന്‍ കിരീടം ചൂടിയത്. ജേതാക്കള്‍ക്കുള്ള സമ്മാനത്തുകയായ ഒരു കോടി രൂപ ബഗാന് ലഭിക്കും. മറ്റ് സ്ഥാനക്കാര്‍ക്കുള്ള 1.25 കോടി രൂപ ബാക്കിവരുന്ന 10 ടീമുകള്‍ക്കും തുല്യമായി വീതിക്കും. രണ്ട് (60 ലക്ഷം), മൂന്ന് (40 ലക്ഷം), നാല് (25 ലക്ഷം) എന്നിങ്ങനെയാണ് സമ്മാനത്തുക.

കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് 14-നാണ് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. 16 കളിയില്‍ നിന്ന് 39 പോയന്റുമായി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബഗാന്‍.

Top