മോഹൻലാലിനെ കള്ളപ്പണക്കാരനെന്ന് വിളിച്ച മണിയാശാന് ഒരു നോട്ടീസും ഇല്ല !

50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെയാണ്, ഇവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ക്കെതിരുമാണ്.

ഒരു സ്വകാര്യവസ്ത്ര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് ഖാദി ബോര്‍ഡ് അയച്ച വക്കീല്‍ നോട്ടീസിന് എതിരെയുള്ള സൂപ്പര്‍ താരത്തിന്റെ ഈ നടപടി അപക്വമായി മാത്രമേ കാണാന്‍ സാധിക്കൂ.

ഖാദി ബോര്‍ഡ് ഉപാധ്യക്ഷ എന്ന നിലയിലാണ് ശോഭന ജോര്‍ജ്ജിന് വക്കീല്‍ നോട്ടീസ് ലഭിച്ചത്. അല്ലാതെ വ്യക്തിപരമല്ല. ഖാദി ബോര്‍ഡ് ശോഭനാ ജോര്‍ജിന്റെ സ്ഥാപനമല്ല, ഇവിടുത്തെ ഓരോ നികുതിദായകന്റെയും നികുതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചെറിയ സ്ഥാപനമാണ്. സാമ്പത്തിക താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണോ അതോ പകരം വീട്ടലിന്റെ ഭാഗമായാണോ ഇത്തരത്തില്‍ ഒരു നടപടി മോഹന്‍ലാല്‍ സ്വീകരിച്ചത് എന്നത് വ്യക്തമാക്കണം.

പ്രത്യേകിച്ച് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലല്‍ അവതരിക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ശക്തമായി രംഗത്ത് വന്ന സാഹചര്യത്തില്‍ ലാലിന്റെ നടപടിയെ സംശയത്തോടെ മാത്രമേ കാണാന്‍ സാധിക്കു.

ആന കൊമ്പ് കേസ് വീണ്ടും കുരിശാകുമെന്ന് കണ്ട് മാത്രമാണ് താന്‍ മത്സരിക്കാനില്ലെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. അതല്ലായിരുന്നുവെങ്കില്‍ എത്രയോ നേരത്തെ വിശദീകരണം നല്‍കാമായിരുന്നു. നവംബര്‍ മാസത്തിന് മുമ്പ് തന്നെ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എന്നതും കൂടി ഓര്‍ക്കണം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടാക്കിയ പ്രതിച്ഛായ നഷ്ടം ഖാദി ബോര്‍ഡ് എന്തായാലും മോഹന്‍ലാലിന് ഉണ്ടാക്കിയിട്ടില്ല. ചര്‍ക്കയുമായി ബന്ധമില്ലാത്ത പരസ്യത്തില്‍ ചര്‍ക്കയുമായി അഭിനയിച്ചത് ‘കച്ചവട’ താത്പര്യം മുന്‍ നിര്‍ത്തി തന്നെയാണ്.

പ്രത്യേകിച്ച് ഖാദി എന്ന പേരില്‍ വ്യാജ തുണിത്തരങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമായ സാഹര്യത്തില്‍ ശോഭനാ ജോര്‍ജ്ജിന്റെ വിമര്‍ശനത്തെ തള്ളി കളയാന്‍ കഴിയുന്നതല്ല.

മോഹന്‍ലാലിന്റെ കൈവശം നിറയെ കള്ളപ്പണം ഉണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നോട്ട് നിരോധനത്തെ അനുകൂലിക്കുന്നതെന്നും പറഞ്ഞ മന്ത്രി എം.എം മണിക്കെതിരെ എന്തു കൊണ്ടാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയക്കാതിരുന്നത് എന്നതുകൂടി ലാല്‍ വ്യക്തമാക്കണം. മണിയാശാന്‍ പറഞ്ഞത് സത്യമായത് കൊണ്ടാണോ അതോ മനനഷ്ടം ഇക്കാര്യത്തില്‍ ഇല്ലാത്തതിനാലാണോ പിന്നോട്ടടിച്ചത് എന്നതിനും മറുപടി പറഞ്ഞേ പറ്റു.

ആണുങ്ങളോട് മുട്ടാന്‍ പേടിച്ച് പെണ്ണിന് വക്കീല്‍ നോട്ടീസ് അയച്ചു എന്ന ചീത്തപ്പേരാണ് ഇപ്പോള്‍ ഈ മഹാനടന്‍ വാങ്ങി വച്ചിരിക്കുന്നത്.

അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശോഭന ജോര്‍ജ്ജ് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷ നല്‍കിയില്ലെങ്കില്‍ 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കുമെന്നാണ് മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയമനടപടിയുടെ ആദ്യ നടപടിയായാണ് ഈ വക്കീല്‍ നോട്ടീസ് .

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ ബന്ധമില്ലാത്ത ഉല്പന്നങ്ങളുടെ പരസ്യത്തിന് ഉപയോഗിച്ചുവെന്നും, മോഹന്‍ലാലിനെപ്പോലൊരു നടന്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ ഇടയാകുമെന്നുമായിരുന്നു ശോഭന ജോര്‍ജ്ജിന്റെ പരാമര്‍ശം.

ഇതേത്തുടര്‍ന്ന് വസ്ത്ര സ്ഥാപനം പരസ്യം പിന്‍വലിച്ചെങ്കിലും പൊതുവേദിയില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണമന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരത്തിന് ഖാദി ബോര്‍ഡിന്റെ അടുത്ത് നിന്നും 50 കോടി കൂടി കിട്ടിയാലേ തൃപ്തിയാകൂ എന്നാണെങ്കില്‍ അത് നടക്കട്ടെ.

സിനിമയില്‍ അഭിനയിച്ചാല്‍ ലഭിക്കുന്ന കോടികള്‍ കൊണ്ട് തൃപ്തിവരാതെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചും കോടികള്‍ സമ്പാദിക്കുന്ന നിരവധി താരങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഇത്തരം താരങ്ങളില്‍ മിക്കവരും ജനങ്ങളോടുള്ള പ്രതിബദ്ധത പരസ്യചിത്രങ്ങളില്‍ കാട്ടാറുമില്ല.

ഒരു ന്യൂഡില്‍സ് കമ്പനിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന്‍, പ്രീതി സിന്റ എന്നിവര്‍ക്കെതിരെ പോലും കേസെടുത്ത രാജ്യമാണ് നമ്മുടേത്. ന്യൂഡില്‍സില്‍ അനുവദിച്ചതിലും അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ അടങ്ങിയതിനാല്‍ മുസഫര്‍ നഗര്‍ കോടതി നേരിട്ടാണ് കേസെടുത്തിരുന്നത്.

താരങ്ങള്‍ക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കാനും ഇതുവഴി താരങ്ങള്‍ കോടികള്‍ സമ്പാദിക്കുന്നതും മുന്‍ നിര്‍ത്തിയായിരുന്നു നടപടി. വിവിധ കമ്പനികളുടെ ബ്രാന്റ് അംബാസിഡര്‍മാരായ സിനിമ – സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഈ കേസ്.

എമു കോഴി വളര്‍ത്തിയാല്‍ കൈ നിറയെ ലാഭം കിട്ടും എന്ന് വിളബരം ചെയ്യുന്ന പരസ്യചിത്രങ്ങളില്‍ അഭിനയിച്ച് ജനങ്ങളെ പറ്റിച്ചതിന് തമിഴ് താരങ്ങളായ ശരത് കുമാര്‍, സത്യരാജ് എന്നിവര്‍ക്കെതിരെ തമിഴ്‌നാട് പൊലീസും മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സഹാറ ക്യൂ ഷോപ്പിന്റെ വിവിധ ഉല്‍പ്പന്നങ്ങളുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന് സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍, ധോണി, ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ഋത്വിക് റോഷന്‍ എന്നിവര്‍ക്കെതിരെയും കേസുകള്‍ എടുത്ത ചരിത്രം രാജ്യത്തുണ്ട്. മായം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

സ്വര്‍ണ്ണം വാങ്ങാനും പിന്നെ വില്‍ക്കാനും പണം സ്വകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കാനും വ്യത്യസ്ത പരസ്യ ചിത്രത്തിലൂടെ ഒരേ സമയം പറയുന്ന മോഹന്‍ലാലിനെ സംബന്ധിച്ചും ലഭിക്കുന്ന പണത്തോട് മാത്രമാണ് പ്രതിബദ്ധതയുളളത്.

Express View

Top