മോഹന്‍ലാലിന്റെ കേരളീയം സെല്‍ഫി; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. സമൂഹമാധ്യമങ്ങളില്‍ തരംഗമായി മോഹന്‍ലാലിന്റെ കേരളീയം സെല്‍ഫി. കേരളീയം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍, ശോഭന, മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റുമന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ അതിഥികളായിരുന്നു താരങ്ങള്‍. കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങള്‍ ഉദ്ഘാടന ചടങ്ങിനെത്തിയത്.

ചടങ്ങിന് ആശംസ നേര്‍ന്ന് മോഹന്‍ലാലും സംസാരിച്ചു.മലയാളി ആയതില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ മോഹന്‍ലാല്‍. കേരളത്തിന്റെ ഭാവിയിലേക്കുള്ള പദ്ധതികള്‍ ആലോചിക്കുമ്പോള്‍ സിനിമ മേഖലയില്‍ നിന്നുള്ളയാള്‍ എന്ന നിലയില്‍ കൂടുതല്‍ പ്രേക്ഷകരെ സിനിമ കാണുന്നതിന് എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെന്ന് പറഞ്ഞു. ചലച്ചിത്ര വികസന കോര്‍പ്പറേഷനും, ചലച്ചിത്ര അക്കാദമിയും ആദ്യമായി സ്ഥാപിച്ച സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് അത് സാധ്യമാകും മോഹന്‍ലാല്‍ പറഞ്ഞു.

കേരള പിറവി വിശദമായി ആഘോഷിക്കുമ്പോള്‍ അതിന്റെ വേദിയിലേക്ക് എന്നെക്കൂടി ക്ഷണിച്ചതില്‍ നന്ദിയുണ്ട്. താന്‍ തിരുവനന്തപുരത്തുകാരനാണ്. തനിക്ക് ഏറ്റവും പരിചയമുള്ള നഗരവും തിരുവനന്തപുരമാണ്. ഇത്തരം കൂടിച്ചേരലുകള്‍ എന്നും നടക്കുന്നയിടമാണ് തിരുവനന്തപുരം. തിരുവനന്തപുരം തന്നെ ഇത്തരം ഒരു പരിപാടിക്ക് വേദിയായി തിരഞ്ഞടുത്തതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Top