മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ ഈ മാസം ഒടിടിയിൽ റിലീസ് ചെയ്യും

മോഹൻലാൽ നായകനായ പുതിയ ചിത്രമാണ് ‘മോൺസ്റ്റർ’. വൈശാഖ് സംവിധാനം ചെയ്ത സിനിമ ഈ മാസം ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രം ഈ മാസം 25-ന് പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘പുലിമുരുകൻ’ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച മോൺസ്റ്റർ ഒക്ടോബർ 21-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വലിയ പ്രതീക്ഷകൾ നൽകിയ ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാൻ കഴിഞ്ഞത്. സിനിമയുടെ കഥയ്ക്കും ചില ഡയലോഗുകൾക്കും ചെറിയ തോതിൽ വിമർശനം നേരിട്ടപ്പോൾ നായിക ഹണി റോസിന്റെ പ്രകടനത്തിനും ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്കും കയ്യടി ലഭിച്ചു.

ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഹണി റോസും തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ജോണി ആന്റണി, സുദേവ് നായർ, ഇടവേള ബാബു, ബിജു പപ്പൻ, ലെന, സിദ്ദിഖ്, സ്വാസിക എന്നിവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സതീഷ് കുറുപ്പാണ് മോൺസ്റ്ററിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ദീപക് ദേവ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

 

Top