Mohanlal’s elephant tusk case

തിരുവനന്തപുരം : നടന്‍ മോഹന്‍ലാലിന്റെ കൈയ്യില്‍നിന്നും ഇന്‍കംടാക്‌സ് അധികൃതര്‍ പിടിച്ചെടുത്ത് വനം വകുപ്പിന് കൈമാറിയ രണ്ട് അനധികൃത ആനക്കൊമ്പുകള്‍ നിയമവിധേയമാക്കുന്നു. രാഷ്ട്രീയ ഭേമില്ലാതെ നടത്തിയ സമ്മര്‍ദ്ദത്തിനൊടുവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് നടപടി സ്വീകരിക്കുന്നത്.

ആനക്കൊമ്പുകള്‍ നിയമവിധേയമാക്കാന്‍ അവസരം നല്‍കുംവിധം, 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പുനഃപരിശോധനയ്ക്ക് വിധേയമാക്കാനാണ് കേന്ദ്രനീക്കം. ഒപ്പം, ആനക്കൊമ്പുകള്‍ കൈവശം വെക്കാനുള്ള ലൈസന്‍സ് നല്‍കാന്‍ സംസ്ഥാനവും നടപടി ആരംഭിച്ചു.

വന്യജീവി സംരക്ഷണ നിയമനം 40-ാം വകുപ്പിലെ ഉപവകുപ്പ് അനുസരിച്ച് ആനക്കൊമ്പുകള്‍ കൈവശമുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയോ ഉത്തരവാദപ്പെട്ട അധികാരികളെയോ അറിയിക്കാനാണ് സംസ്ഥാന വനംവകുപ്പ് മോഹന്‍ലാലിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആനക്കൊമ്പുകള്‍ കൈവശം വെക്കാന്‍ ലൈസന്‍സിനായി മോഹന്‍ലാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതടക്കം സമാന അപേക്ഷകള്‍ 1972 ലെ വന്യജീവി സംരക്ഷണ നിയമം പുനഃപരിശോധിക്കുമ്പോള്‍ പരിഗണിക്കുമെന്നാണ് കേന്ദ്ര വനം മന്ത്രാലയ ഐ.ജി അറിയിച്ചിരിക്കുന്നത്.

ആനക്കൊമ്പുകള്‍ കൈവശം ഉണ്ടെന്ന് ഉത്തരവാദപ്പെട്ട അധികാരികളെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ സമീപിക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൈവശമുള്ള കൊമ്പുകള്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതല്ലെന്നും ലൈസന്‍സ് സുഹൃത്തിന്റെ പേരിലാണെന്നും മോഹന്‍ലാല്‍ അറിയിച്ചതായും ഉത്തരവില്‍ പറയുന്നു.

2012 ലെ റെയ്ഡിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് രണ്ട് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഇവ വനംവകുപ്പിന് കൈമാറി. അനധികൃതമായി വന്യജീവികളോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശമുള്ളവര്‍ക്ക് ഇത് സര്‍ക്കാറിനെ അറിയിക്കാന്‍ 1978 ലും 2002 ലും കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിനുശേഷം ലൈസന്‍സില്ലാത്തതും രജിസ്റ്റര്‍ ചെയ്യാത്തതുമായ ഇത്തരം വസ്തുക്കള്‍ കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാണ്. മറ്റുള്ളവരില്‍ നിന്ന് ഇത് സൂക്ഷിക്കാന്‍ പോലും വാങ്ങി കൈവശം വെക്കാന്‍ പാടില്ലെന്നാണ് നിയമം

കോന്നി ആര്‍.എ.എഫ്.ഡി.എഫ്.ഒ നടത്തിയ അന്വേഷണത്തില്‍ രണ്ട് ആനക്കൊമ്പുകളും മോഹന്‍ലാലിന്റെത് അല്ലെന്ന് തെളിഞ്ഞിരുന്നു. വനംവകുപ്പ് ഡി.എഫ്.ഒ അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത വിഷയമാണ് ഇപ്പോള്‍ നിയമവിധേയമാക്കുന്നത്.

സാധാരണ ഇത്തരമൊരു കുറ്റകൃത്യം മറ്റാരു ചെയ്താലും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും നിയമനടപടി നേരിടേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാല്‍ താരപരിവേഷത്തിനു മുമ്പില്‍ നിയമം ഇവിടെ വഴിമാറുകയാണ്.

മോഹന്‍ലാലിന്റെ കേണല്‍ പദവി ആനക്കൊമ്പ് വിവാദത്തെ തുടര്‍ന്ന് എടുത്തുമാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Top