ഒരു നിമിഷം കൊണ്ട് കേരളാ മുഖ്യമന്ത്രിയായി മോഹന്‍ലാല്‍; പുലിവാല്‍ പിടിച്ച് കമ്പനി

ബദ്ധങ്ങള്‍ സംഭവിക്കുന്നത് പുതുമയൊന്നുമല്ല എന്നാല്‍ ചില അബദ്ധങ്ങള്‍ പ്രശ്‌നമാവാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ചെറിയ അബദ്ധത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത് ഒരു പ്രമുഖ ഉത്തരേന്ത്യന്‍ കമ്പനിയാണ്.

കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയതാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പ്. ഇപ്പോള്‍ ഇവര്‍ക്ക് പറ്റിയ വലിയൊരു അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചത്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ കമ്പനി ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് തന്റെ ചിത്രത്തിന് വേണ്ടി പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്.

Top