ഹര്‍ത്താല്‍ സമാധാനപരമായിരിക്കും, എല്ലാവരും സഹകരിക്കണം ; എം.ടി രമേശ്

mtramesh

തിരുവനന്തപുരം : തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമര പന്തലില്‍ എത്തി അവര്‍ ഉയര്‍ത്തിയ അതേ ആവശ്യം ഉന്നയിച്ച് ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. അയ്യപ്പന് വേണ്ടിയാണ് ഞാന്‍ മരിക്കുന്നതെന്ന് വിളിച്ചു പറഞ്ഞാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ആശുപത്രിയില്‍ എത്തി ബോധം മറയുന്നത് വരെ ഇതേ കാര്യം അദ്ദേഹം പറയുന്നുമുണ്ടായിരുന്നു.

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പിടിവാശിയാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ബിജെപി നിര്‍ബന്ധിതമായത്. ഇതിനോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല ഉള്‍പ്പടെയുള്ള തീര്‍ഥാടകര്‍, അഖിലേന്ത്യാ പരീക്ഷകള്‍, മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എം ടി രമേശ് അറിയിച്ചു.

Top