ഒരു പ്രളയംകൊണ്ട് നാം പഠിച്ചില്ല: ആശങ്ക പങ്ക് വെച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം:പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്ക് വെച്ച് നടന്‍ മോഹന്‍ലാല്‍. മഹാപ്രളയങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പണം പിരിക്കല്‍ മത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്നും,ഇക്കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ അനുഭവം കൊണ്ട് നമുക്ക് ഒട്ടേറെ മുന്‍കരുതലുകള്‍ എടുക്കേണ്ടെന്നും നാം ഒരുപാട് മാറേണ്ടതുണ്ടെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ഒരു വര്‍ഷം മുന്‍പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകള്‍ അപഹരിക്കുകയും ജീവിതം തകര്‍ക്കുകയും ചെയ്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. കാലാവസ്ഥ അനുഗ്രഹിച്ച കേരളം എന്ന അഭിമാനബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല.

വെയില്‍ വന്ന് പരന്നു കഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങള്‍ അഴിഞ്ഞു. വീടു തകര്‍ന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയില്‍ തുടര്‍ന്നു. തല്‍ക്കാലം നിര്‍ത്തിവച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂര്‍വ്വാധികം ഉഷാറായി തുടര്‍ന്നു. ഉയരങ്ങളില്‍ കൂടുതല്‍ കൂടുതല്‍ തണ്ണീര്‍ത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാര്‍ പതിവ് പഴിചാരലുകള്‍ പുനരാരംഭിച്ചു.

കേരളം പഴയതുപോലെ ആയി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല. പ്രകൃതിയുടെ ചുമരിലെ കലണ്ടറും ഓര്‍മ്മയും ഏറെ കൃത്യമായിരുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷമായപ്പോള്‍ കൊടും മഴപെയ്തു. കേരളം കാലാവസ്ഥ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ? ആണെങ്കില്‍ അത് നമ്മെ ഭയപ്പെടുത്തേണ്ടതും ചിന്തിപ്പിക്കേണ്ടതുമായ കാര്യമാണ്,” മോഹന്‍ലാല്‍ പറഞ്ഞു.

പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണ്ണമായി ചെറുക്കാന്‍ സാധിക്കില്ലയെങ്കിലും ആധുനിക ശാസ്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് നമുക്ക് അവയെ മുന്‍കൂട്ടിയറിയാനും ഒരുക്കങ്ങള്‍ നടത്താനും സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഒറീസ്സ അതിനൊരു ഉദാഹരണമാണെന്നും ചൂണ്ടികാട്ടി. ”ഒറീസ്സയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും സാധിക്കില്ല? എന്നും അദ്ദേഹം ചോദിക്കുന്നു.

Top