തൃശൂരിൽ മോഹൻലാലിനെ ഇറക്കാനുള്ള നീക്കം പാളി, വെട്ടിലായത് സൂപ്പർ താരം !

യ്ച്ചിട്ട്‌ ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണിപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നടന്‍ സുരേഷ് ഗോപിയുടെ പ്രചരണത്തിന് എത്തണമെന്ന ആവശ്യമാണ് താര രാജാവിനെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നത്. സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്‍പ് ഗണേഷ് കുമാര്‍ മത്സരിച്ചപ്പോള്‍ പ്രചരണം നടത്തിയ മോഹന്‍ലാല്‍ സുരേഷ് ഗോപിക്ക് വേണ്ടിയും രംഗത്തിറങ്ങണമെന്നതാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

നടന്‍ ജഗദീഷ് എതിരാളിയായി മത്സരിച്ചിട്ട് പോലും ഗണേഷ് കുമാറിനു വേണ്ടി പത്തനാപുരത്ത് വോട്ട് ചോദിച്ചത് സുഹൃത്തായതുകൊണ്ടാണെന്നാണ് ലാല്‍ അവകാശപ്പെട്ടിരുന്നത്. സിനിമയില്‍ മാത്രമല്ല വ്യക്തി പരമായും സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്താണ് മോഹന്‍ലാല്‍.

ഗണേഷിനോട് കാണിച്ച സ്‌നേഹം സുരേഷ് ഗോപിയോട് കാണിച്ചില്ലെങ്കില്‍ അത് നീതികേടാകുമെന്നാണ് സംഘ പരിവാര്‍ അനുകൂല സിനിമാ പ്രവര്‍ത്തകര്‍ ലാലിനോട് പറഞ്ഞിരിക്കുന്നത്. സംഘ പരിവാര്‍ സംഘടനയായ സേവാഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലാലിനോട് ആര്‍.എസ്.എസ് നേതൃത്വവും തൃശൂരില്‍ പ്രചരണത്തിനിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ സുരേഷ് ഗോപിക്കായി സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ നടന്‍ ബിജുമേനോന്‍ ,പ്രിയ പ്രകാശ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ ലാലിനെ പങ്കെടുപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസും സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

നേരത്തെ തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം വന്നിരുന്നു. ഇതിനെതിരെ സി.പി.എം അണികളില്‍ നിന്നും രൂക്ഷ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നിരുന്നത്.

പ്രതിഷേധം ശക്തമായതോടെ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മോഹന്‍ലാലിന് പരസ്യമായി പ്രതികരിക്കേണ്ടിയും വന്നിരുന്നു. കാവിയെ പുണര്‍ന്നാല്‍ ആന കൊമ്പ് കേസ് ഉയര്‍ത്തി പിണറായി സര്‍ക്കാര്‍ ‘പൂട്ടുമെന്ന’ ഭയവും ലാലിന്റെ പിന്‍മാറ്റത്തിന് പ്രധാന കാരണമായിരുന്നു. ഈ പേടി തന്നെയാണ് സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണ രംഗത്തിറങ്ങാനും മോഹന്‍ലാലിനെ ഭയപ്പെടുത്തുന്നത്.

തിരുവനന്തപുരം,പത്തനംതിട്ട മണ്ഡലങ്ങള്‍ക്ക് പുറമെ തൃശൂരിലും വിജയ സാധ്യത കാണുന്ന ബി.ജെ.പി ലാല്‍ കൂടി ഇറങ്ങിയാല്‍ ഈ സീറ്റ് കൂടി ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. യു.ഡി.എഫ് ആകട്ടെ ടി.എന്‍ പ്രതാപന്റെ ഇമേജിലൂടെ മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രചരണം കൊഴുപ്പിക്കുന്നത്. ഇടതുപക്ഷം സി.പി.ഐയിലെ രാജാജി മാത്യുവിന് വേണ്ടി സംഘടനാ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാണ് പ്രചരണം നടത്തുന്നത്. ഒരു കാരണവശാലും സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തരുതെന്ന ശക്തമായ മുന്നറിയിപ്പ് സി.പി.എം, സി.പി.ഐ നേതൃത്വങ്ങള്‍ കീഴ്ഘടകങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷം ജീവന്‍മരണ പോരാട്ടം സംസ്ഥാനത്ത് നടത്തുമ്പോള്‍ ലാല്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയാല്‍ അത് എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിക്കും എന്ന ആശങ്ക സി.പി.എമ്മിനുണ്ട്. അതു കൊണ്ട് തന്നെയാണ് ഇത്തരം ഒരു നീക്കം ഉണ്ടായാല്‍ ഗൗരവമായി തന്നെ ആ നീക്കത്തെ കാണുമെന്ന മുന്നറിയിപ്പ് സി.പി.എം നല്‍കിയിരിക്കുന്നത്.

ചെങ്കൊടിയുടെ കോപം പേടിച്ചിട്ടാണ് സൗഹൃദ സംഗമത്തില്‍ നിന്നും ഭൂരിപക്ഷ താരങ്ങളും വിട്ടു നിന്നതെന്നാണ് സൂചന. അതേ സമയം പത്മഭൂഷണ്‍ അടക്കം നല്‍കി ആദരിച്ച മോഹന്‍ലാലിനെ തൃശൂരില്‍ ഇറക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഇടപെടുവിക്കാനുള്ള ശ്രമവും അണിയറയില്‍ സജീവമാണ്.

മത്സരിച്ചില്ലങ്കിലും മോഹന്‍ലാല്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ പ്രചരണത്തിന് ഇറങ്ങുമെന്ന പ്രതീക്ഷ ബി.ജെ.പിക്ക് ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ലാലിന്റെ സംഘപരിവാര്‍ അനുകൂലികളായ സിനിമാ പ്രവര്‍ത്തകര്‍ ബി.ജെ.പി നേതൃത്വത്തിന് ഉറപ്പും നല്‍കിയിരുന്നു.

എന്നാല്‍ പ്രചരണത്തിനിറങ്ങിയാല്‍ പോലും അത് ചുവപ്പിന്റെ വലിയ എതിര്‍പ്പ് ക്ഷണിച്ച് വരുത്തുമെന്ന ഉപദേശമാണ് മോഹന്‍ലാലിന് ലഭിച്ചത്. ഇതോടെയാണ് സുരേഷ് ഗോപിക്കു വേണ്ടി മാത്രമുള്ള വോട്ടഭ്യര്‍ത്ഥനയാക്കി മാറ്റാന്‍ ആലോചന വന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച ഗണേഷ് കുമാറിനു വേണ്ടി ലാല്‍ ഇറങ്ങിയതിനാല്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു കരുനീക്കം. എന്നാല്‍ ഇതിനെയും എതിര്‍ക്കുമെന്നും ശത്രുവായി തന്നെ കാണുമെന്നുമുള്ള സന്ദേശമാണ് ലാലിന് ഇടതു കേന്ദ്രങ്ങളില്‍ നിന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇനി മോഹന്‍ലാല്‍ എന്ത് തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് സഹപ്രവര്‍ത്തകരും രാഷ്ട്രീയ കേന്ദ്രങ്ങളും.

Top