സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാളാശംസകളുമായി മോഹൻലാൽ

മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് 71 വയസ്സ്. പ്രായം റിവേഴ്സ് മോഡിലേക്ക് പോകുന്ന മമ്മൂട്ടിക്ക് ഈ പിറന്നാൾ ദിനത്തിലും മധുരപതിനേഴിന്റെ പകിട്ടാണ്. സിനിമ മേഖലയിലെ സഹതാരങ്ങൾ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷപൂർവ്വമാണ് കൊണ്ടാടികൊണ്ടിരിക്കുന്നത്. അതിലേറ്റവും പ്രത്യേകതയുള്ള ആശംസയുമായാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. കൂടെ പിറന്നില്ലെങ്കിലും മമ്മൂട്ടി സഹോദര തുല്യനെന്നാണ് മോഹൻലാൽ പറയുന്നത്. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോഹൻലാല്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്.

‘മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ വിശ്വാസം. ജന്മബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവും കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായി കര്‍മ ബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത്. ജ്യേഷ്‍ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്‍ഠനെപ്പോലെയല്ല, ജ്യേഷ്‍ഠൻ തന്നെയാണ് അദ്ദേഹം. ഒരേ സമയത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‍നേഹം കൊണ്ടും ജ്യേഷ്‍ഠൻ. വ്യക്തിജീവിതതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം ശബ്‍ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല. ജന്മനാളില്‍ എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്‍ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഹാപ്പി ബര്‍ത്‍ഡേ ഇച്ചാക്ക, ലോട്‍സ് ഓഫ് ലവ് ആൻഡ് പ്രേയേഴ്‍സ്’ മോഹൻലാല്‍ വീഡിയോയില്‍ പറഞ്ഞു.

Top