ആ മോഹം നടക്കില്ലന്ന് . . മോഹൻലാൽ അമ്മ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കില്ല

കൊച്ചി : താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷ പദവി മോഹന്‍ലാല്‍ രാജിവയ്ക്കില്ല.

ദിലീപ് രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരരാജാവിന് അതൃപ്തി ഉണ്ടെങ്കിലും ഇപ്പോള്‍ രാജിവച്ചാല്‍ അത് കലാപക്കൊടി ഉയര്‍ത്തിയ ഡബ്ലു.സി.സിക്ക് ഗുണകരമാവും എന്നു കണ്ടാണ് അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടതില്ല എന്ന നിലപാട് മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുന്നത്.

താരസംഘടനയിലെ മമ്മുട്ടി അടക്കമുള്ളവര്‍ നേരിട്ട് മോഹന്‍ലാലുമായി സംസാരിച്ച് സംഘടന നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

mohanlal-mammootty

വിമത സ്വരം ഉയര്‍ത്തി സംഘടനയെ പൊതു സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തിയ ഡബ്ലു.സി.സി അംഗങ്ങളെ സംഘടനയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് അടുത്ത ജനറല്‍ ബോഡിയില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്നാണ് നേതൃത്വത്തിലെ ധാരണ.

എന്നാല്‍ യോഗം എന്നു ചേരണമെന്ന കാര്യത്തില്‍ ഇപ്പോഴും എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്കിടയില്‍ തന്നെ ധാരണയായിട്ടില്ല.

മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്ത് ഡബ്ലു.സി.സി അംഗങ്ങള്‍ പ്രതികരിച്ചതില്‍ താരങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

ദിലീപിനെ അനുകൂലിക്കുന്ന താരങ്ങള്‍ ആവട്ടെ ദിലീപിന്റെ രാജി അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. രാജി അംഗീകരിക്കരുതെന്ന് ആവശ്യപ്പെടുമെന്നാണ് ദിലീപ് അനുകൂലികള്‍ വ്യക്തമാക്കുന്നത്.

mohanlal

ദിലീപായിട്ട് നല്‍കിയ രാജി ചോദിച്ച് വാങ്ങിയതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞതിനോട് വിയോജിപ്പുള്ള താരങ്ങളും പ്രശ്‌നം വിവാദമാക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അപ്പോഴത്തെ സാഹചര്യത്തില്‍ ലാലിന് അങ്ങനെ പറയേണ്ടി വന്നുവെന്നാണ് അവരുടെ വാദം. ഈ പ്രശ്‌നത്തിന്റെ പേരിലും വിവാദമുണ്ടായാല്‍ മോഹന്‍ലാല്‍ തുടരില്ല എന്നതിനാലാണ് ഈ സംയമനം.

അതേസമയം ഡബ്ലു.സി.സിയോട് സഹകരിക്കുന്ന സിനിമാ പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തണമെന്ന നിലപാടില്‍ ദിലീപ് – മോഹന്‍ലാല്‍ വിഭാഗങ്ങള്‍ ഒറ്റക്കെട്ടാണ്.

Top