സൽമാൻ ഖാൻ അനുഭവിച്ച തടവ്, മോഹൻലാലും അനുഭവിക്കേണ്ടി വരും

ടൻ മോഹൻലാലിനെ കാത്തിരിക്കുന്നത് സൽമാൻഖാന്റെ അവസ്ഥയോ..? ഈ ചോദ്യമാണിപ്പോൾ മലയാള സിനിമ ലോകത്ത് പടരുന്നത്. ആനക്കൊമ്പ് കേസിൽ മോഹൻലാൽ വിചാരണ നേരിടണമെന്ന ഉത്തരവാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2012-ലെ ഈ കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹര്‍ജിയാണ് പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരിക്കുന്നത്. കേസ് തുടർ നടപടികൾക്കായി ഈ മാസം 16 ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് ലാൽ ഹാജരായി ജാമ്യമെടുക്കേണ്ടതുണ്ട്.

മോഹൻലാലിന്റെ അപേക്ഷയെ തുടർന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സർക്കാർ കനിഞ്ഞിട്ടും കോടതി കനിയാത്തതാണ് മോഹൻലാലിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാറും അനുമതി നൽകിയിരുന്നു. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും ലാലിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു സർക്കാർ വാദം. ഇതാണിപ്പോൾ വിചാരണ കോടതി തള്ളിയിരിക്കുന്നത്. ലാലിനെതിരെ തെളിവുള്ളതിനാൽ തടവ് ശിക്ഷക്ക് സാധ്യത ഏറെയാണെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. 5 വർഷം വരെ തടവ് ശിക്ഷ കിട്ടുന്ന കേസാണിത്.

ബോളിവുഡ് സൂപ്പർ ഹീറോ സല്‍മാന്‍ ഖാനും വന്യ ജീവി നിയമത്തിൽ കുടുങ്ങിയാണ് മുൻപ് അകത്തായിരുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിനായിരുന്നു ഇത്. 1998ൽ ജോധ്‌പൂരിൽ കൃഷ്‌ണ മൃഗത്തെ വേട്ടയാടിയത് മുതൽ സൽമാനെതിരെ വധഭീഷണികളും ഉയർന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അടുത്തയിടെയും ഒരു വധഭീഷണി താരത്തിനെതിരെ ഉയർന്നിട്ടുണ്ട്. ഇതിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്.

ബിഷ്‌ണോയ് സമൂഹം ആരാധിക്കുന്ന മൃഗമാണ് കൃഷ്‌ണമൃഗം. സംഭവത്തിന് ശേഷം രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിൽ താമസിക്കുന്ന ബിഷ്‌ണോയ് വിഭാഗം സൽമാനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയർത്തുകയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിനു തുടർച്ചയായാണ് വധ ഭീഷണികളും ഉയർന്നിരുന്നത്.

കൃഷ്‍ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍‌ സല്‍‌മാൻ ഖാന് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യൻ ശിക്ഷ നിയമം 149 വകുപ്പുകൾ പ്രകാരമുള്ള കേസുകളിലായിരുന്നു വിധി. സല്‍മാൻ ഖാനെതിരെ പ്രോസിക്യൂഷൻ ശേഖരിച്ച് എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അതെല്ലാം നിയമപരമായി നിലനില്‍‌ക്കുന്നതായി കണ്ടെത്തുകയായിരുന്നു. നാല് തവണയാണ് ഇതേ കേസില്‍ സമല്‍മാന്‍ ഖാൻ ജയിലിലെത്തുന്നത്. 1998, 2006, 2007 വര്‍ഷങ്ങളില്‍ മൂന്ന് തവണയായി താരം ജയിലില്‍ കഴഞ്ഞിട്ടുണ്ട്.

1998 ഒക്ടോബറില്‍ ‘ഹം സാത്ത് സാത്ത് ഹേ’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്‍പദമായ സംഭവം ഉണ്ടായത്. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്‍‌ക്കിറങ്ങിയ സല്‍‌മാൻ ഖാനും സംഘവും കൃഷ്‍ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു. കേസിൽ സുപ്രസിദ്ധ താരങ്ങളായ സൈഫ് അലി ഖാൻ, തബു, സൊനാലി ബേന്ദ്രെ, നീലം കൊത്താരി എന്നിവർ ആരോപണവിധേയരായിരുന്നെങ്കിലും കോടതി ഇവരെ വെറുതെ വിടുകയാണുണ്ടായത്.

നടൻ മോഹൻലാൽ സൽമാൻ ഖാനെ പോലെ ആനയെ വേട്ടയാടി കൊന്നിട്ടില്ലങ്കിലും ലാലിനെതിരെ ചുമത്തിയ കുറ്റം തെളിഞ്ഞാൽ സൽമാൻ ഖാന് വിധിച്ചതു പോലെ 5 വർഷത്തെ തടവിനു തന്നെയാണ് സാധ്യതയുള്ളത്.

EXPRESS KERALA VIEW

Top