മോഹന്‍ലാല്‍-വൈശാഖ് ചിത്രം ‘മോണ്‍സ്റ്റര്‍’ തിയേറ്ററിലേയ്ക്ക്

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മോണ്‍സ്റ്റര്‍’ തിയേറ്റര്‍ റിലീസെന്ന് സൂചന.
നിര്‍മ്മാതാക്കള്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നേരിട്ട് നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം.

മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ഒടിടി ചര്‍ച്ചകള്‍ക്കൊടുവില്‍ തിയേറ്ററില്‍ എത്തുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാകും ഇത്. ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’, ‘ആറാട്ട്’ എന്നിവയാണ് ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ തിയേറ്ററിലേയ്ക്ക് മടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇതിന് മുന്‍പ് മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’, ‘ട്വല്‍ത്ത് മാന്‍’, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ബ്രോ ഡാഡി’ എന്നിവയാണ് ഒടിടിയില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍.

തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ലക്കിസിങ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

Top