മരക്കാറിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണത്തിന് നന്ദിയറിയിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണത്തിന് നന്ദിയറിയിച്ച് മോഹന്‍ലാല്‍. ചിത്രം വന്‍ വിജയമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും താരം നന്ദിയറിയിച്ചിട്ടുണ്ട്.

‘ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും മികച്ച പ്രതികരണങ്ങള്‍ക്ക് സന്തോഷമുണ്ട്. എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല, അതിനാല്‍ മരക്കാര്‍ ടീമിന് മുഴുവന്‍ നന്ദി പറയുന്നു’. എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തില്‍ മാത്രം 625 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇതാദ്യമാണ്. 4100ഓളം സ്‌ക്രീനുകളിലായി 16000 ഷോയാണുള്ളത്.

റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി കളക്ട് ചെയ്തു കഴിഞ്ഞുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തിന് മികച്ച പ്രതികരങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിനെ ഡിഗ്രേഡ് ചെയ്തും ഒരു വിഭാഗം ആളുകളും രംഗത്തെത്തിയിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് പ്രിയദര്‍ശനനാണ് വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.

Top